കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച കാസർകോട് ജില്ലയിൽ ഇന്ന് 16 പേർ രോഗം ഭേദമായി ആശുപത്രി വിടും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നുള്ള 10 പേരും, കാസർകോട് ജനറൽ ആശുപത്രിയിലെ 2 പേരും പരിയാരത്ത് ചികിത്സയിലുള്ള 4 പേരുമാണ് ഇന്ന് ഡിസ്ചാർജ് ആകുന്നത്. പരിയാരത്ത് നിന്ന് ആശുപത്രി വിടുന്നവരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉൾപ്പെടുന്നു. എല്ലാവർക്കും രോഗം പൂർണമായും ഭേദമായിട്ടുണ്ട്. ഇവരുടെ ടെസ്റ്റ് റിസൽറ്റുകൾ നെഗറ്റീവാണ്.

ഇടുക്കി ജില്ലയിലെ അവസാന കൊവിഡ് രോഗിയെയും ഇന്ന് ഡിസ്ചാർജ് ചെയ്തു. തൊടുപുഴ കുമ്പൻകല്ല് സ്വദേശിയെയാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെ ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച 10 പേരും ഭേദമായി ആശുപത്രി വിട്ടു.