collector

തിരുവനന്തപുരം: ജില്ലാ അതിർത്തിപ്രദേശങ്ങളായ തട്ടത്തുമല, കടമ്പാട്ടുകോണം, കളിയിക്കാവിള തുടങ്ങിയ സ്ഥലങ്ങളിൽ ഞായറാഴ്ച രാത്രി കളക്ടർ കെ.ഗോപാലകൃഷ്ണൻ മിന്നൽ പരിശോധന നടത്തി. രാത്രി 8ന് ആരംഭിച്ച പരിശോധന അർദ്ധരാത്രിക്ക് ശേഷവും തുടർന്നു. അനാവശ്യ യാത്രക്കാരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിപ്പിച്ചു. ആളുകളെ കുത്തിനിറച്ചുവന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകി തിരിച്ചയച്ചു. മീൻ ലോറികൾ ഫുഡ് സേഫ്‌റ്റി വിഭാഗം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് കടത്തിവിട്ടത്. കടമ്പാട്ടുകോണത്ത് രാത്രി 11.30 വരെ പരിശോധന തുടർന്നു. പിന്നീട് കളിയിക്കാവിളയിലേക്ക് പോയ കളക്ടർ ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ പരിശോധിച്ചു. ഉദ്യോഗസ്ഥർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കളക്ടർ നിർദേശിച്ചു. ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ രാത്രികാല പരിശോധന കർശനമാക്കുമെന്ന് കളക്ടർ അറിയിച്ചു.തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.