വക്കം: കൊവിഡ് - 19 നെയും ലോക്ക് ഡൗണിനെയും കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പ്രചോദനമായ കവിതകൾ ആലപിക്കുന്ന തിരക്കിലാണ് പ്ലസ് ടു വിദ്യാർത്ഥിയായ വിഷ്ണുമായ ഇപ്പോൾ. നാട്ടിലെ അറിയപ്പെടുന്ന ഗായികയായ വിഷ്ണുമായ നിരവധി വേദികളിൽ പാടിയിട്ടുണ്ടെങ്കിലും ജനസേവനത്തിന്റെ ഭാഗമായുള്ള ഈ ഗാനാലാപനം പുത്തൻ അനുഭവമാണ്. ചെറുതും വലുതുമായ പരിപാടികളിൽ കൊവിഡ് പ്രതിരോധത്തിന്റെ പാട്ടുകൾ ആലപിക്കുന്ന തിരക്കിലമർന്ന വിഷ്ണുമായയ്ക്ക് ഇപ്പോൾ വീട്ടിലിരിക്കാൻ സമയം തീരെ ഇല്ല. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ പാടാൻ കഴിഞ്ഞത് സ്വന്തം സ്കൂളായ അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലാണ്. ഒടുവിൽ പാടിയത് കടയ്ക്കാവൂർ പൊലീസ് നിർമ്മിക്കുന്ന ഷോർട്ട് ഫിലിമിൽ. ലോക്ക് ഡൗണിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കടയ്ക്കാവൂർ പൊലീസ് തയ്യാറാക്കുന്ന ഹ്രസ്വചിത്രത്തിൽ എസ്.ഐ വിനോദ് വിക്രമാദിത്യൻ എഴുതിയ സങ്കടങ്ങൾ മാറ്റി വച്ച് ..... എന്ന കവിതയ്ക്ക് സംഗീതം നൽകിയതും പാടിയതും വിഷ്ണുമായ തന്നെ. നാലാം ക്ലാസ് മുതൽ തന്നെ സ്റ്റേജുകളിൽ പാടാൻ കഴിഞ്ഞിരുന്നു. ഈ സീസണിൽ ഒടുവിൽ പാടിയത് കൊല്ലം ജില്ലയിലെ പ്രസിദ്ധമായ കടയ്ക്കൽ ക്ഷേത്രത്തിലെ തിരുവാതിരയ്ക്കാണ്. വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണൻ, ഫ്രാങ്കോ, വിധു പ്രതാപ്, നജീം അർഷാദ്, സന്നിദാനന്ദൻ തുടങ്ങിയ പ്രശസ്ത ഗായകർക്കൊപ്പം മുൻപ് വേദി പങ്കിട്ടിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും, ഹിന്ദിയിലും നന്നായി പാടാമെന്ന ആത്മവിശ്വാസവും വിഷ്ണുമായയ്ക്കുണ്ട്. ഗായകനായ വക്കം സജീവിന്റെയും സുനിതയുടെയും ഇളയ മകളാണ്.