കാട്ടാക്കട: ആദ്യഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്നതിന്റെ തലേനാൾ ഗ്രാമീണ മേഖലകളിൽ ജനത്തിരക്ക്. ബാങ്കുകളിലും ട്രഷറികളിലും നീണ്ട ക്യൂവാണ് പ്രകടമായത്. മത്സ്യ - മാംസ - പച്ചക്കറി വില്പന കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു. ലോക്ക്ഡൗൺ കാലത്തും വിഷുക്കണി ഒരുക്കാൻ കണിവെള്ളരിയും പഴവർഗങ്ങളും വാങ്ങാൻ ജനങ്ങൾ നിരത്തിലിറങ്ങിയതും തിരക്ക് വർദ്ധിപ്പിച്ചു. ദിവസങ്ങൾക്ക് ശേഷം റോഡുകളിൽ വാഹനത്തിരക്കും ഏറിയിരുന്നു. ബാങ്കുകളിലെത്തിയവരിൽ ഏറെയും വയോധികരായിരുന്നു. സാമൂഹ്യ അകലം പാലിക്കാതെയും മാസ്കുകൾ ധരിക്കാതെയും എത്തിയത് ബാങ്ക് ജീവനക്കാരേയും ഏറെ ബുദ്ധിമുട്ടിച്ചു. രാവിലെ മുതൽ തന്നെ ആളുകൾ റോഡിലേക്കിറങ്ങിയതോടെ പൊലീസിനും നിയന്ത്രിക്കാൻ ഏറെ ബുദ്ധിമുട്ടായി. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വീട്ടിൽ അടച്ചിരുന്നവർ ഇന്നലെ പുറത്തിറങ്ങൽ ആഘോഷമാക്കി.