jerusalem

ജറുസലം: കൊവിഡ് വ്യാപനം തടയാൻ വിശുദ്ധനഗരമായ ജറുസലേമിൽ നിയന്ത്രണം കർക്കനമാക്കി. ജറുസലേമിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച ഉച്ചയോടെ നിയന്ത്രണം പ്രാബല്യത്തിൽ വന്നു. നാല് പ്രദേശങ്ങളിൽ താമസിക്കുന്നവർ അയൽനാടുകളിലേക്ക് പോകുന്നത് നിരോധിച്ചു. ചികിത്സയ്ക്കും അവശ്യ ജോലികൾക്കും മാത്രമേ യാത്ര അനുവദിക്കൂ.

പൊതുപരിപാടികൾക്ക് നേരത്തെ തന്നെ കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പതിനായിരങ്ങൾ പങ്കെടുക്കുന്ന പെസഹാ ആചരണത്തിന് ഇത്തവണ പത്തോളം പേർക്ക് മാത്രമാണ് അനുമതി നൽകിയത്. വിലക്ക് ഏർപ്പെടുത്തുന്നതിനെതിരെ തീവ്ര യാഥാസ്ഥിക വിഭാഗക്കാരായ മന്ത്രിമാർ കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. എന്നാൽ, 100ലേറെ മരണവും 10,000 ലേറെ പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടച്ചുപൂട്ടലല്ലാതെ വഴിയില്ലെന്ന് ഭൂരിഭാഗം മന്ത്രിമാരും ചൂണ്ടിക്കാട്ടി.

ഇസ്രായേലിൽ സ്ഥിരീകരിച്ച കേസുകളിൽ അഞ്ചിലൊന്നും ജറുസലേമിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിതരിൽ അധികവും രാജ്യത്തെ തീവ്ര യാഥാസ്ഥിക വിശ്വാസികൾ താമസിക്കുന്ന പ്രദേശങ്ങളിലാണ്. ഇവർ സാമൂഹിക അകലം പാലിക്കാനുള്ള സർക്കാർ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.