covid

ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, നഴ്സ്, ആശുപത്രി സ്റ്റാഫ് എന്നിവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് 39 ആശുപത്രി ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച രോ​ഗികൾക്ക് ചികിത്സ ലഭ്യമാക്കുന്ന ചുരുക്കം ഹോസ്പിറ്റലുകളിൽ ഒന്നാണ് തെക്കൻ ദില്ലിയിലെ മാക്സ് ഹോസ്പിറ്റൽ. അതുപോലെ തന്നെ കൊവിഡ് 19 രോ​ഗികളുമായി സമ്പർക്കം പുലർത്തിയ 30 ആരോ​ഗ്യപ്രവർത്തകരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മറ്റൊരു പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഹൃദയസംബന്ധമായ ചികിത്സയ്ക്കായി എത്തിയ രണ്ട് പേരിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പർക്കം പുലർത്തിയ 39 പേരെ പ്രത്യേ മുറിയിൽ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണ്. 154 ജോലിക്കാരാണ് ഈ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നത്. പല ഷിഫ്റ്റുകളിലായാണ് ജോലി. എന്നാൽ ഇവരിലാരും തന്നെ കൊവിഡ് ബാധിതരല്ല. കുടുംബാം​ഗങ്ങളുമായോ അയൽക്കാരുമായോ സമ്പർക്കം പുലർത്താതെ ആശുപത്രിയിൽ തന്നെയാണ് ഇവർ താമസിക്കുന്നത്.