പാലോട്: വീട്ടുമുറ്റത്ത് പൊലീസ് ജീപ്പും കാക്കിയണിഞ്ഞ പൊലീസുകാരും... ആലംപാറ ഷെർലി ഭവനിൽ മധുസൂദനും ഭാര്യ സരോജനിയും ആദ്യം ഒന്നമ്പരന്നു. "ആരാ സരോജനി...?" ഒരു പൊലീസുകാരന്റെ ചോദ്യം നെഞ്ചിടിപ്പ് കൂട്ടി. കോഴിക്കോടുള്ള മകൾ ഷേർളി പൊലീസ് കൺട്രോൾ റൂമിൽ എത്തിച്ച മരുന്ന് ഏൽപ്പിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോഴാണ് സരോജനിക്ക് സമാധാനമായത്. കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന സരോജനിക്ക് മരുന്നുമായി വീട് തേടിപ്പിടിച്ച് എത്തിയതാണ് പാലോട് ജനമൈത്രി പൊലീസ്. ഏറെനാളായി കഴിക്കുന്ന മരുന്ന് തിരുവനന്തപുരത്ത് കിട്ടാത്തതിനെ തുടർന്ന് മനോവിഷമത്തിലായിരുന്നു ദമ്പതികൾ. കോഴിക്കോട് താമസിക്കുന്ന ഏക മകൾ അവിടെന്ന് മരുന്ന് സംഘടിപ്പിച്ചെങ്കിലും ലോക്ക് ഡൗൺ കാരണം നാട്ടിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. തിരുവനന്തപുരത്ത് മരുന്ന് എത്തിക്കുന്നതിനുള്ള പോംവഴി ആലോചിച്ച് തലപുകയ്ക്കുമ്പോഴാണ് കോഴിക്കോട് ജനമൈത്രി പൊലീസ് സഹായ ഹസ്തം നീട്ടിയത്. തുടർന്ന് പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുകയും മരുന്ന് സുരക്ഷിതമായി പാലോട് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. പാലോട് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ. മനോജ് കുമാറും സബ് ഇൻസ്‌പെക്ടർ സതീഷ് കുമാറും ആലംപാറയിലുള്ള വീട്ടിൽ നേരിട്ടെത്തിയാണ് മരുന്ന് കൈമാറിയത്. കൊവിഡ് 19 പ്രതിരോധ നടപടികളുടെ തിരക്കുകൾക്കിടയിലും അത്യാവശ്യ മരുന്ന് എത്തിച്ചു നൽകാൻ പ്രയത്നിച്ച പൊലീസ് ഉദ്യോഗസ്ഥരോട് നന്ദി പറയാനും മധുസൂദനനും ഭാര്യയും മറന്നില്ല.