ആറ്റിങ്ങൽ : തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ ആശാന്റെ 147-ാമത് ജന്മ വാർഷികദിനത്തിൽ നടന്ന ഫേസ് ബുക്ക് ഓൺ ലൈൻ ഉദയാസ്തമയ കാവ്യ പൂജ വേറിട്ട അനുഭവമായി. ആശാന്റെ ജന്മദിനമായ ഏപ്രിൽ 12 ന് തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ കവികൾ ഉദയാസ്തമയ കാവ്യ പൂജയ്ക്കായി ഒത്തുകൂടുന്നത് പതിവാണ്. എന്നാൽ ലോക്ക് ഡൗൺ കാലത്ത് ഇതെങ്ങനെ സാദ്ധ്യമാകും എന്ന ചിന്തയിൽ നിന്നാണ് ഫേസ് ബുക്ക് ഓൺലൈൻ കാവ്യ പൂജയ്ക്ക് വഴി തെളിഞ്ഞത്. ഇതിനായി പുതിയൊരു ഫേസ് ബുക്ക് പേജിന് രൂപംകൊടുത്ത ഭാരവാഹികൾ, ഓൺ ലൈൻ വഴി കവിത ചൊല്ലാൻ സമയവും നിശ്ചയിച്ചു നൽകി. കൂടാതെ ഇതിന്റെ പ്രാവർത്തിക വശം കവികൾക്ക് വിശദീകരിച്ചു നൽകുകയും ചെയ്തു. സ്മാരക സെക്രട്ടറി പ്രൊഫ. അയിലം ഉണ്ണികൃഷ്ണൻ ആശാന്റെ പർ‌ണശാലയിൽ ദീപം തെളിച്ചതോടെ ഓൺ ലൈൻ കാവ്യപൂ‌ജയ്ക്ക് തുടക്കമായി. മുരുകൻ കാട്ടാക്കട ആദ്യ കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡോ. ഇന്ദ്രബാബു,​ വിജയൻ പാലാഴി,​ മടവൂർ രാധാകൃഷ്ണൻ,​ പകൽക്കുറി വിശ്വൻ,​ ചായം ധർമ്മരാജൻ,​ മടവൂർ സുരേന്ദ്രൻ,​ സന്തോഷ് തോന്നയ്ക്കൽ,​ താണുവൻ ആചാരി,​ കെ.ഭുവനചന്ദ്രൻ, ബി.എസ്.ബിന്ദു,​ ദേശാഭിമാനി ഗോപി,​ ഡോ. മായാ ലേഖ,​ ചിത്ര ശ്രീകുമാർ,​ സുലേഖ കുറുപ്പ്,​ ഡോ. ഉദയകല തുടങ്ങി 32 കവികൾ സ്വന്തം കവിതകൾ ഓൺ ലൈൻ വഴി അവതരിപ്പിച്ചു. കൂടാതെ പ്രമുഖ ഗായിക ലൗലി ജനാർദ്ദനനും നിരവധി വിദ്യാർത്ഥികളും ആശാൻ കവിതകൾ അവതരിപ്പിച്ചു.അസ്തമയസമയത്ത് വിനോദ് വൈശാഖി ആശാൻ കവിതയും സ്വന്തം കവിതയും അവതരിപ്പിച്ചതോടെ ഓൺ ലൈൻ ഉദയാസ്തമയ കാവ്യ പൂജയ്ക്ക് സമാപനമായി.