തിരുവനന്തപുരം: കൊവിഡ് ഭീതിയെത്തുടർന്ന് ആശങ്കയിലായ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അടിയന്തരവും ക്രിയാത്മകവുമായ നടപടികൾ ആവശ്യമാണെന്ന് വി.എം.സുധീരൻ പറഞ്ഞു. യു.എ.ഇ ഭരണകൂടം കർശന നിലപാട് സ്വീകരിച്ചതോടെ പ്രവാസിസമൂഹത്തിന്റെ അവസ്ഥ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. നിലപാട് പുന:പരിശോധിക്കാനും പ്രവാസികളെ നാട്ടിലെത്തിക്കാനും ആവശ്യമായ സത്വര നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതായും മന്ത്രിമാരായ കെ.കെ. ശൈലജ, എ.കെ.ബാലൻ എന്നിവരുമായി ആശയവിനിമയം നടത്തിയതായും അദ്ദേഹം അറിയിച്ചു.