റോം: മൂന്ന് ആഴ്ചയ്ക്കിടയിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കുറവ് കൊവിഡ് മരണം കഴിഞ്ഞ ദിവസം ഇറ്റലിയിൽ റിപ്പോർട്ട് ചെയതു. 431 കൊവിഡ് മരണമാണ് ഇറ്റലിയിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മാർച്ച് 19 മുതലുള്ള കണക്കുപരിശോധിച്ചാൽ ഏറ്റവും താഴ്ന്ന നിരക്കാണിത്. ലോകത്തെ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണത്തിൽ 19,899 മരണവുമായി അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് യൂറോപ്യൻ രാജ്യമായ ഇറ്റലിയുടെ സ്ഥാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,984 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1,56,363 ആയി.
രാജ്യത്തെ ആശുപത്രികളിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും 20 മുതൽ 25 ദിവസക്കാലയളവിൽ ഈ നിരക്കിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെട്ട് കൊണ്ടിരിക്കുമെന്നും അതിനുശേഷം മാത്രമേ രോഗികളുടെ എണ്ണം കുത്തനെ കുറയുകയുള്ളുവെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 34,211 പേർക്ക് ഇറ്റലിയിൽ രോഗം ഭേദമായിട്ടുണ്ട്. അതേ സമയം, വെള്ളി, ശനി ദിവസങ്ങളിൽ മാത്രം ഇറ്റലിയിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 23,000 പേർക്ക് പൊലീസ് പിഴ ചുമത്തി. ഈസ്റ്റർ പ്രമാണിച്ച് റോഡുകളിൽ പൊലീസ് കർശന നിയന്ത്രണമേർപ്പെടുത്തിയിരുന്നു.
മെഡിക്കൽ സംഘവുമായി ക്യൂബ
ഇറ്റലിയിലേക്ക് രണ്ടാം മെഡിക്കൽ സംഘത്തെ അയയ്ക്കാൻ ക്യൂബ. 21 ഡോക്ടർമാരും 16 നഴ്സുമാരും ഒരു ലോജിസ്‌റ്റിക്‌സ് കോ-ഓർഡിനേറ്ററും ഉൾപ്പെടെയുള്ള 38 അംഗസംഘം ഇന്ന് ഇറ്റലിയിലേക്ക് തിരിക്കുമെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ക്യൂബയിൽ നിന്നുള്ള ആദ്യ മെഡിക്കൽ സംഘം മാർച്ച് 22 മുതൽ ഇറ്റലിയിൽ സേവനമനുഷ്ഠിച്ച് വരികയാണ്.