കോവളം: 89കാരനായ ബാഹുലേയന്റെ തലവെട്ടം കണ്ടാൽ മതി പ്രാവുകൾ പറന്നെത്തും. ചിറകുവിടർത്തിയുള്ള കൊത്തിപ്പെറുക്കലും വർത്തമാനങ്ങളുമായി പിന്നെയൊരു ആഘോഷമാണ്. 12 വർഷമായി ബാഹുലേയൻ സ്‌നേഹബന്ധം തുടരുകയാണ്. കൈയിൽ കരുതിയ ഭക്ഷണം വാരിവിതറുമ്പോൾ ചിറകടിച്ച് അവ ഉല്ലസിക്കും. എല്ലാ ദിവസവും 12 മണിക്ക് വിഴിഞ്ഞം പുളിങ്കുടി ജംഗ്ഷനിലെ ബാബു പാലസ് വളപ്പിലെ പതിവുകാഴ്ചയാണിത്. ലോക്ക് ഡൗൺ കാലത്തും അന്നദാതാവായ ബാഹുലേയന്റെ അടുത്ത് അവ മുടക്കമില്ലാതെയെത്തുന്നു.
പക്ഷിസ്‌നേഹത്തിന്റെ കഥ
ബാഹുലേയന്റെ കൂട്ടുകാരായി പ്രാവുകൾ മാറിയ കൗതുക കഥ ഇങ്ങനെ:
ആർമിയിൽ നിന്നു വിരമിച്ച ബാഹുലേയൻ വൈകിട്ട് തന്റെ വില്ലിസ് ജീപ്പിൽ വിഴിഞ്ഞം തീരത്ത് ചുറ്റുന്നത് പതിവായിരുന്നു. ഒരുദിവസം ജീപ്പ് മുറ്റത്ത് പാർക്ക് ചെയ്‌തശേഷം വീട്ടിലേക്ക് കയറുന്നതിനിടെ ഒരു വെള്ള പ്രാവ് ജീപ്പിന് മുകളിൽ ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പിറ്റേദിവസം നോക്കുമ്പോഴും പ്രാവ് പോകാതെ ജീപ്പിന് മുകളിൽ തന്നെയുണ്ട്. വീടിനകത്തുപോയി അല്പം അരിയെടുത്ത് പ്രാവിന് കൊടുത്തു. എല്ലാം കൊത്തിയെടുത്ത ശേഷം പ്രാവ് പറന്നുപോയി. എന്നാൽ അടുത്ത ദിവസം രാവിലെ വീണ്ടും പ്രാവ് എത്തി. കാര്യം മനസിലായ ബാഹുലേയൻ അന്നും ആഹാരം നൽകി. അടുത്ത ദിവസം പ്രാവ് വന്നത് വേറെ രണ്ട് പ്രാവുളെയും കൂട്ടിയാണ്. ബാഹുലേയൻ അവരെയും നിരാശരാക്കിയില്ല. തുടർന്ന് പ്രാവുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചു. ഇപ്പോൾ ആയിരത്തോളം പ്രാവുകളാണ് ബാഹുലേയന്റെ കൂട്ടുകാരായുള്ളത്.
പ്രാവുകളെ കണ്ടില്ലെങ്കിൽ വിഷമം
-------------------------------------------------
പ്രാവുകളുമായി ചങ്ങാത്തത്തിലായതോടെ പെൻഷൻ തുകയിൽ നിന്നു മാസത്തിൽ ആറും ഏഴും ചാക്ക് ഗോതമ്പ് വാങ്ങി കരുതാൻ തുടങ്ങി. പ്രദേശത്ത് പരുന്തിന്റെയും പട്ടികളുടെയും ശല്യം വർദ്ധിച്ചതോടെ പ്രാവുകുടെ കൂട്ടം കുറഞ്ഞിട്ടുണ്ടെന്നും ഒരു ദിവസം കാണാതിരുന്നാൽ വല്ലാത്ത മനഃപ്രയാസം ഉണ്ടാകുമെന്നും ബാഹുലേയൻ പറയുന്നു. ബാഹുലേയന്റെ കൂട്ടുകാരുമായി ഭാര്യ സുകന്യയും മക്കളായ മിലൻ, മിനി എന്നിവരും ചങ്ങാത്തത്തിലാണ്.