നെടുമങ്ങാട് : വാഴയിൽ നിറുത്തി പഴുപ്പിച്ച കപ്പക്കുലയുമായി ശ്യാമളയമ്മ, മണ്ണിന്റെ രുചി പകരുന്ന മധുരക്കിഴങ്ങും ഗുണമേന്മ ചൊരിയും കോവലുമായി ചെല്ലാംകോട്ടേ തിമോത്തിയോസ്, ചെറിയനാടൻ കണിവെള്ളരിയും പൈനാപ്പിളുമായി 'ആനാടമൃതം' കർഷക ടീം, പാവയ്ക്കയുമായി രാഘവനാശാൻ, ചെഞ്ചീരപകിട്ടുമായി പ്രസന്നൻ... വിഷുവിന്റെ വരവറിയിച്ച് ഇന്നലെ നെടുമങ്ങാട് കച്ചേരിനടയിൽ ഒരുങ്ങിയ തിങ്കൾച്ചന്ത സന്ദർശകരുടെ മനം കുളിർപ്പിച്ചു. രാവിലെ 7ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻവശത്ത് ലോക്ക് ഡൗൺ നിയമം പാലിച്ചൊരുക്കിയ സംസ്ഥാന സർക്കാരിന്റെ 'കർഷകർക്കൊരു കൈത്താങ്ങ്' സന്ദേശത്തിന്റെ ഭാഗമായുള്ള 'ജീവനി സഞ്ജീവനി' ചന്തയിൽ കണിക്കാഴ്ചകൾ ഏറെ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജുവിന് ഓട്ടുരുളി കണി സമ്മാനം നൽകി നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്‌ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻ ആർ.മധു, കൗൺസിലർമാരായ ബി.സതീശൻ, കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. കർഷകരുടെ അഭ്യർത്ഥനയും നാട്ടുകാരുടെ താല്പര്യവും കണക്കിലെടുത്ത് എല്ലാ തിങ്കളാഴ്ചയും രാവിലെ 8.30 മണി മുതൽ 11.30 വരെ നഗരസഭ - ബ്ലോക്ക് സംയുക്ത സംരംഭമായി തിങ്കൾച്ചന്ത ഉണ്ടാകുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആന്റണി റോസ് അറിയിച്ചു. കൃഷി ഓഫീസർ എസ്.ജയകുമാർ, കുടപ്പനക്കുന്ന് ജോസഫ്, കരകുളം സജിനി, പനവൂർ ഷയിസ്, അരുവിക്കര ഷീബാ തോമസ്, എ.എഫ്.ഒ ലിസി ഡാർലിംഗ്, കൃഷി അസിസ്റ്റന്റുമാരായ ആനന്ദ്, പ്രിയകുമാർ, ചിത്ര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിഷുച്ചന്ത ഒരുങ്ങിയത്.