തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ഓൺലൈനായി വിൽക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. ഇത്തരമൊരു നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നിലപാട് വന്ന ശേഷം മന്ത്രിസഭ യോഗം ചേർന്ന് തീരുമാനിക്കും എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മദ്യം കിട്ടാതെ ആരും മരിക്കാൻ പാടില്ലെന്നാണ് ലോക്ക് ഡൗൺ കാലത്ത് സർക്കാരിന്റെ നിലപാട്. മദ്യശാലകൾ അടച്ചപ്പോൾ ആധുനിക സംവിധാനമടക്കം ഉപയോഗിച്ച് വാറ്റി. എക്സൈസ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ അടക്കം ഒറ്റക്കെട്ടായി ഇത് പ്രതിരോധിക്കാൻ ശ്രമിച്ചു. കൃത്രിമമായി മദ്യം ഉൽപ്പാദിപ്പിച്ചത് കണ്ടെത്തി. വൻതോതിൽ വാഷ് കണ്ടെടുത്തു. വ്യാജമദ്യത്തിന്റെ ഉൽപ്പാദനവും വിതരണവും സർക്കാർ അനുവദിക്കില്ല. കാർക്കശ്യത്തോടെ ഇത് തടയും. ബെവ്കോയ്ക്ക് കീഴിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയും ഈ കൊവിഡ് ദുരന്തത്തിന്റെ പേരിൽ ദുരിതം അനുഭവിക്കേണ്ടി വരില്ലെന്നും മന്ത്രി പറഞ്ഞു.