lockdown

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, വരും ദിവസങ്ങളിൽ കേരളം സ്വീകരിക്കേണ്ട ഇളവുകളിൽ അന്തിമ തീരുമാനം നാളയെടുത്താൽ മതിയെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കേന്ദ്രത്തിന്റെ മാർഗ നിർദ്ദേശം വന്നിട്ട് തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. പ്രധാനമന്ത്രി ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതോടെ ലോക്ക് ഡൗൺ നീട്ടുന്നതിൽ വ്യക്തത കൈവരും. നാളെ ചേരുന്ന മന്ത്രിസഭാ യോഗം ഇളവുകളിൽ തീരുമാനമെടുക്കാനാണ് സാദ്ധ്യത.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചുള്ള ഇളവുകൾക്കാവും ശ്രമം. അതേസമയം, പൊതുഗതാഗത സംവിധാനത്തിലടക്കം നിയന്ത്രണങ്ങൾ തുടർന്നേക്കും. മറ്റെന്തൊക്കെയെന്നത് കേന്ദ്ര നിർദ്ദേശത്തെ ആശ്രയിച്ചിരിക്കും.

കൊവിഡ് സംബന്ധിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ മുഖ്യമന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിന്റെ വിശദാംശങ്ങളും അറിയിച്ചു. ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായിട്ടുണ്ട്. കേരളം ഇളവുകൾക്ക് അനുമതി തേടി. അതിന് തത്വത്തിൽ അനുമതിയുണ്ടെങ്കിലും കേന്ദ്ര മാർഗനിർദ്ദേശം വരാനിരിക്കെ നമ്മൾ സ്വന്തമായി ഇളവുകൾ പ്രഖ്യാപിക്കുന്നത് ഉചിതമാവില്ല.

കൊവിഡ് സംസ്ഥാനത്ത് നിയന്ത്രണ വിധേയമാണെങ്കിലും നിയന്ത്രണങ്ങൾ ഒറ്റയടിക്ക് നീക്കാവുന്ന സ്ഥിതിയായിട്ടില്ല. അയൽ സംസ്ഥാനങ്ങളിൽ സ്ഥിതി സങ്കീർണമായി തുടരുന്നതിനാൽ അതിർത്തികളിൽ കർശന നിയന്ത്രണം തുടരും. ഗൾഫിൽ നിന്ന് മലയാളികളെ മാത്രമായി തിരിച്ചെത്തിക്കുക അസാദ്ധ്യമാണെന്നും കേന്ദ്രസർക്കാരാണ് ഇതിൽ തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്.