തിരുവനന്തപുരം: ആർഭാടങ്ങളില്ലെങ്കിലും കരുതലിൻ വെളിച്ചവും ഇത്തിരി കൊന്നപ്പൂവുമായി മലയാള നാട് വിഷുക്കണി കണ്ടുണർന്നു. ക്ഷേത്രങ്ങളിൽ പതിവുപോലെ ഇന്ന് കണി ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് പ്രവേശനമില്ലെന്നു മാത്രം.
ലളിതമായിട്ടാണെങ്കിലും വീടുകളിലെല്ലാം കണി ഒരുക്കിയിട്ടുണ്ട്. ശ്രീകൃഷ്ണ ശില്പത്തിനു മുന്നിൽ ഓട്ടുരുളിയിലാണ് കണി ഒരുക്കൽ. കണിക്കൊന്നപ്പൂക്കൾ, കോടിമുണ്ട്, ധാന്യം, സ്വർണം, നാണയം എന്നിവയും കണിവെള്ളരി, ഇടിച്ചക്ക, കുലയോടു കൂടിയ മാങ്ങ, ഫലവർഗങ്ങൾ തുടങ്ങിയ കാർഷികവിഭവങ്ങളുമാണ് ഒരുക്കിവയ്ക്കുക. എല്ലാം വാങ്ങി കണിവച്ചിരുന്ന നഗരവാസികളെല്ലാം ഇത്തവണ കിട്ടിയതുകൊണ്ട് കണിയൊരുക്കി.
രാത്രിക്കും പകലിനും ഒരേ ദൈർഘ്യം വരുന്ന ദിവസമാണ് വിഷു. മുതിർന്നവരും കുട്ടികളും പുലർച്ചയ്ക്കുണർന്ന് ദേഹശുദ്ധി വരുത്തി കണികാണുന്നതാണ് ആചാരം. പിന്നീട് മുതിർന്നവർ കുട്ടികൾക്ക് കൈനീട്ടം നൽകും.