home

തിരുവനന്തപുരം: കൊവിഡ് പിടിമുറുക്കി നാട് അടച്ചു പൂട്ടിയതോടെ, വിഷു നാളിൽ പുതിയ വീട്ടിലേക്ക് വലതുകാൽ വച്ചു കയറാമെന്ന ഒട്ടേറെപ്പേരുടെ സ്വപ്നം പൊലിഞ്ഞു. ലോക്ക് ഡൗൺ നീട്ടുമ്പോൾ നിർമ്മാണ മേഖലയ്ക്ക് നിബന്ധനകളോടെയെങ്കിലും ഇളവ് നൽകിയില്ലെങ്കിൽ മേടം അവസാനിക്കും മുമ്പെങ്കിലും ഗൃഹപ്രവേശം നടത്താമെന്ന പ്രതീക്ഷയും ഇല്ലാതാവും.

അവസാനവട്ട മിനുക്കുപണി മാത്രമാണ് പല വീടുകളിലും ശേഷിക്കുന്നത്. പൂർത്തിയായ വീടുകൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഒക്കുപെൻസി സർട്ടിഫിക്കറ്റ് നൽകുന്നതും, റവന്യു വിഭാഗത്തിൽ നിന്ന് കരം നിശ്ചയിച്ച് ടി.സി നമ്പരിടുന്നതും നിറുത്തി വച്ചിരിക്കുകയാണ്. നമ്പർ ലഭിച്ചാലേ വൈദ്യുതി കണക്‌ഷന് അപേക്ഷിക്കാനുള്ള ഓണർഷിപ്പ് സർട്ടിഫിക്കറ്റ് തദ്ദേശ സ്ഥാപനത്തിൽ നിന്നു ലഭ്യമാകൂ. ലോണെടുത്ത് വീട്‌ വയ്ക്കുന്നവർക്ക് ടി.സി നമ്പർ ലഭിച്ചാലേ അവസാന ഗഡു അനുവദിക്കൂ.

കൊവിഡ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ പണികൾ കാര്യമായി മുടങ്ങിയിരുന്നില്ല. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിർമ്മാണരംഗത്തുണ്ടായിരുന്നു. എന്നാൽ മാർച്ച് 24ന് 21 ദിവസ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്ഥിതി മാറിമറിഞ്ഞു. ഗൃഹ പ്രവേശനത്തിനായി കുറിച്ചു വച്ച വിഷുനാളും അങ്ങനെ കടന്നുപോകുന്നു.

' നിർമ്മാണം പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയാൽ സാധാരണക്കാർക്ക് ഏറെ ആശ്വാസമാകും. നിർമ്മാണത്തൊഴിലാളി കുടുംബങ്ങളും ആശങ്കയിലാണ്'

-കവടിയാർ ഹരികുമാർ,

സംസ്ഥാന പ്രസിഡന്റ്,

കേരള ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ