നെയ്യാറ്റിൻകര: ലോക്ക് ഡൗണിനിടെ വീട്ടുവളപ്പിൽ ചാരായം വാറ്റിയതിന് സഹോദരങ്ങൾ പിടിയിലായി. ഡാലുംമുഖം നെട്ടപൊങ്ങ് ലക്ഷംവീട് കോളനിയിൽ മണിയൻ (61) , സഹോദരൻ അളകപ്പൻ (58) എന്നിവരെയാണ് വാറ്റുന്നതിനിടെ അമരവിള എക്സൈസ് പിടികൂടിയത്. മൂന്ന് ദിവസം മുമ്പ് മണിയൻ തമിഴ്നാട് ഭാഗത്തു നിന്ന്, ചാരായം വാറ്റാൻ 20 കിലോ ശർക്കര, യീസ്റ്റ് തുടങ്ങിയവ വാങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇയാളെയും സഹോദരനെയും പിടികൂടാനായത്. രാത്രിയിൽ വീട്ടിനു സമീപത്തെ പറമ്പിൽ ഷെഡ് കെട്ടി ചാരായം വാറ്റിക്കൊണ്ടിരിക്കെ പിടിയിലാവുകയായിരുന്നു. 6 ലിറ്റർ ചാരായവും 90 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. മദ്യഷോപ്പുക്കൾ അടച്ചിട്ടതോടെ മദ്യം കിട്ടാതായതാണ് ചാരായം വാറ്റാൻ തിരുമാനിച്ചതെന്ന് പിടിയിലായവർ പറഞ്ഞു.ഇൻസ്പക്ടർ സി.ആർ.അജിഷിന്റെ നേതൃത്വത്തിൽ അസി: ഇൻസ്പക്ടർ ജി.രാജൻ, സിവിൽ ഓഫീസർമാരായ വിജേഷ്, അനിഷ്, ലാൽ കൃഷ്ണ, രമേശ്കുമാർ, അനിഷ് .എസ്.എസ്, ജിജിൻ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.