വിതുര: നന്മ ഫൗണ്ടേഷൻ നടപ്പിലാക്കി വരുന്ന ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം പദ്ധതിക്ക് വിതുരയിലും തുടക്കമായി. ലോക്ക് ഡൗൺകാലത്ത് ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന അർഹരായവരെ കണ്ടെത്തി ഭക്ഷണം നൽകുന്നതിന് ഐ.ജി പി.വിജയന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് പദ്ധതി. വിതുര ഗവ. വൊക്കേഷണൽആൻഡ് ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി പദ്ധതിയുടെ നേതൃത്വത്തിലാണ് വിതുര ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പദ്ധതി നടപ്പിലാക്കി വരുന്നത്.
വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് തയ്യാറാക്കുന്ന ഭക്ഷണപ്പൊതികൾ, ഭക്ഷ്യധാന്യ കിറ്റുകൾ, പച്ചക്കറി കിറ്റുകൾ എന്നിവയാണ് ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നത്. പി.ടി.എ അംഗങ്ങളും,അദ്ധ്യാപകരുമാണ് അർഹരായ സ്കൂൾ വിദ്യാർത്ഥികളുടെയും മറ്റുള്ളവരുടെയും വിവരം ശേഖരിക്കുന്നത്. പദ്ധതിയുടെ വിതുര പഞ്ചായത്തു തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി ഭക്ഷ്യ കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു. ആദ്യ ദിനത്തെ കിറ്റുകൾ ചെറുമണലി , പൊന്നാം ചുണ്ട് വാർഡുകളിലെ തിരഞ്ഞെടുത്ത പത്തു കുടുംബംഗങ്ങൾക്കാണ് വിതരണം ചെയ്തത്. വാർഡംഗം മഞ്ജുഷ ആനന്ദ്, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രൻ, അദ്ധ്യാപകരായ കെ. അൻവർ, ഷിബു, കെ. അൻവർ, എസ്.പി.സി. പി.ടി.എ അംഗം സി.ജെ. അനിൽ, ചെറുമണലി അയൽക്കൂട്ടം കൺവീനർ ഷീജു. എസ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് , ഹെഡ്മിസ്ട്രസ് ജ്യോതിഷ് ജലൻ എന്നിവർ അറിയിച്ചു.