പോത്തൻകോട്: മണ്ണിന്റെ മനസറിഞ്ഞ മലയാളിക്ക് കൃഷിചെയ്യാൻ ഇന്ന് പഴയ ആവേശവും ആഗ്രഹവുമൊന്നുമില്ല. ഗ്രാമങ്ങളിൽ പ്പോലും കൃഷിക്ക് ഭൂമിയില്ലാത്ത അവസ്ഥ കൂടിവരികയാണ്. കാർഷിക നന്മകളും വിജയഗാഥകളും നിറഞ്ഞ ഗ്രാമങ്ങൾ ഇന്ന് കൃഷിയെ മാറ്റിനിറുത്തുന്നതാണ് പൊതുവേയുള്ള അവസ്ഥ. എന്നാൽ കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് തന്റെ മട്ടുപ്പാവിനെ കാർഷിക പരീക്ഷണ ശാലയാക്കി മാറ്റുന്ന വീട്ടമ്മയാണ് പോത്തൻകോട് സ്വദേശി ചന്ദ്രിക. മണിമേടയെന്ന വീടിന്റെ മട്ടുപ്പാവിൽ പച്ചക്കറികളും ഔഷധ സസ്യങ്ങളും ഫലങ്ങളും ചെടികളും മട്ടുപ്പാവിന് ഹരിതശോഭ നൽകുകയാണ്.
ഹരിതസമൃദ്ധമായ മട്ടുപ്പാവ്
---------------------------------------------
വീടിന്റെ ടെറസിൽ ചെറിയ രീതിയിൽ ആരംഭിച്ച പച്ചക്കറി കൃഷി ഇന്ന് വിപുലമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. മണിമേടയിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് വീട്ടുമുറ്റത്ത് പടർന്ന് പന്തലിച്ച് കിടക്കുന്ന മുന്തിരി വള്ളികളുടെ പച്ചപ്പും സൗന്ദര്യവുമാണ്. ജൈവ കൃഷി ഉപയോഗിച്ചുള്ള മുന്തിരി കൃഷിയിലും ചന്ദ്രിക എന്ന വീട്ടമ്മയുടെ കൈയൊപ്പുണ്ട്. കൃഷിഭവനിൽ നിന്ന് കിട്ടിയ മുന്തിരി തൈ നട്ടുവളർത്തിയതിൽ നിന്ന് വർഷം മുഴുവനും കായ്ഫലം ലഭിക്കുന്നുണ്ട്. ആദ്യ വർഷം 10 കുലകളും രണ്ടാം വർഷം 60 കുലകളും ലഭിച്ചതോടെ മുന്തിരി കൃഷി വ്യാപിപ്പിച്ചു. ഇപ്പോൾ വിവിധ മുന്തിരി ചെടികളിൽ നിന്നായി 250 കുലകൾ വരെ ലഭിക്കുന്നുണ്ട്. ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി. 250 രൂപ മുടക്കി വാങ്ങിയ ഒരു ചെറിയ തൈയിൽ നിന്നായിരുന്നു തുടക്കം.
നാടൻ വളപ്രയോഗം
----------------------------------
മണ്ണിര കമ്പോസ്റ്റ്, ചാണകപ്പൊടി, മീൻ വേസ്റ്റ്, എല്ലുപൊടി തുടങ്ങിയ വളപ്രയോഗം നടത്തുന്നുണ്ട്. അധിക വിളവിനായി മുട്ടമിശ്രിതം, മീൻ മിശ്രിതം എന്നിവ ഇടയ്ക്ക് സ്‌പ്രേ ചെയ്യാറുണ്ട്.
കൂട്ടായി കുടുംബം
-----------------------------------
എസ്.എൻ.ഡി.പി യോഗം പോത്തൻകോട് ശാഖാ വൈസ് പ്രസിഡന്റും എൻജിനിയറുമായ രാജേന്ദ്രൻ വർഷങ്ങൾക്ക് മുമ്പ് വീടുപണിയുമ്പോൾ മട്ടുപ്പാവ് കൃഷിയും മനസിലുണ്ടായിരുന്നു. ചന്ദ്രികയ്ക്കൊപ്പം സഹായിയായി രാജേന്ദ്രനും കൂടെയുണ്ട്. തറ വാട്ടർ ഫ്രൂഫാക്കിയതിന് ശേഷം തറയിൽ നിന്ന് ഒരടി ഉയർത്തി ഇരുമ്പ് ഫ്രയിം ഉപയോഗിച്ച് തട്ടുതട്ടുകളാക്കി മാറ്റിയശേഷമാണ് കൃഷിക്കായി മട്ടുപ്പാവ് സജ്ജമാക്കിയത്. പ്രത്യേക രീതിയിൽ ഗ്രോ ബാഗുകൾ തയ്യാറാക്കി. ഇപ്പോൾ ചെറിയ ഉള്ളിയും കൃഷി ചെയ്‌തിട്ടുണ്ട്. ആവശ്യക്കാർക്ക് നല്ല ഗുണമേന്മയുള്ള മുന്തിരി തെെകളും നൽകുന്നുണ്ട്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മക്കളും മരുമക്കളും മട്ടുപ്പാവ് കൃഷി വ്യാപിപ്പിക്കാനായി ചന്ദ്രികയ്ക്കൊപ്പം കൂടിയിട്ടുണ്ട്.
കൃഷി ചെയ്യുന്നത്
--------------------------------
ഡ്രാഗൺ ഫ്രൂട്ട്, റാഡിഷ്, ചോളം, വിവിധ തരം മുന്തിരിച്ചെടികൾ, ഗജേന്ദ്രചേന, വിവിധതരം പച്ചക്കറികൾ, ചെറിയ ഉള്ളി, പപ്പായ, കറിവേപ്പില, പ്രധാന ഔഷധ ചെടികളായ കറ്റാർവാഴ, വിവിധ തരത്തിലുള്ള തുളസിച്ചെടികൾ, കുടങ്ങൽ, മഞ്ഞൾ, പുതിന, മണി തക്കാളി, അഗസ്‌ത്യ ചീര തുടങ്ങിയവ.