തിരുവനന്തപുരം : കൊവിഡ് 19 വൈറസിനെതിരായ പ്രതിരോധന പ്രവർത്തനത്തിൽ ആരോഗ്യവകുപ്പിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന പൊലീസ് സേനയ്ക്ക് ബിഗ് സല്യൂട്ട് നൽകുന്നതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
നാടൊന്നാകെ വീട്ടിൽ ഇരിക്കുന്നതാണ് കൊറോണ വൈറസ് സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള പ്രധാന കാരണം. ജനങ്ങൾ നിയമം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കി അനാവശ്യ യാത്ര നടത്തുന്നവരെ ബോധവത്കരണത്തിലൂടെ വീട്ടിലിരുത്തിയ പൊലീസ് സേനയുടെ പ്രവർത്തനം വിസ്മരിക്കാനാകില്ല. ബ്രേക്ക് ദ ചെയിൻ കാമ്പയിൻ വിജയമാക്കിയതിൽ സേനയുടെ പങ്ക് ചെറുതല്ല. തിരുവനന്തപുരത്തു നിന്നും കാസർകോട് കൊവിഡ് ആശുപത്രിയിലേക്ക് പോയ മെഡിക്കൽ സംഘത്തിന് ഭക്ഷണം ഉൾപ്പെടെ നൽകി യാത്ര സുഗമമാക്കിയതും പൊലീസാണ്. സ്വന്തം ആരോഗ്യം പോലും നോക്കാതെ അഹോരാത്രം കഷ്ടപ്പെടുന്ന പൊലീസ് സേനയിലെ ഓരോരുത്തർക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.