തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് രാഷ്ട്രീയ വിവാദങ്ങളെ ബാധിച്ച ലോക്ക് ഡൗണിന് വിരാമമിട്ട് , സർക്കാരിനെതിരെ ആഞ്ഞടിക്കാൻ സ്പ്രിൻക്ളർ കമ്പനിയെച്ചൊല്ലിയുള്ള ആരോപണം പ്രതിപക്ഷം ശക്തമാക്കി.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് ചോർത്തുന്നുവെന്ന പ്രതിപക്ഷ ആക്ഷേപം മുറുകിയതിന് പിന്നാലെ, വിവര ശേഖരണം സർക്കാർ സൈറ്റിൽ മതിയെന്ന നിർദ്ദേശം സർക്കാരും വാക്കാൽ നൽകി. പ്രതിരോധത്തിലായ സർക്കാരിന്റെ പിന്മാറ്റമായി ഇതിനെ വ്യാഖ്യാനിച്ച് പ്രതിപക്ഷം ആരോപണം കനപ്പിച്ചു.
അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ളർ കേരളത്തിലെ രോഗികളുടെ വിവരം ശേഖരിക്കുന്നുവെന്നാരോപിച്ച് ആദ്യം രംഗത്ത് വന്നത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ്. വിവരശേഖരണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ന്യായീകരിച്ചു. അമേരിക്കൻ മലയാളി സൗജന്യമായി നൽകുന്ന സേവനം ലോകാരോഗ്യ സംഘടന വരെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇന്ത്യയിലെ സെർവറിലാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതൊരു പി.ആർ കമ്പനിയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ, കമ്പനിയുടെ വെബ്സൈറ്റിൽ പറയുന്ന വിവരങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ അടുത്ത ആക്രമണം. പിന്നാലെയാണ് ,നേരിയ തോതിലാണെങ്കിലും സർക്കാരിന്റെ പിന്മാറ്റമുണ്ടായത്
ശേഖരിക്കുന്ന വിവരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടെന്ന് ഇനി നിർദ്ദേശിച്ചാലും വിവരങ്ങൾ അവർക്ക് ചോർത്താൻ സൗകര്യമായിക്കഴിഞ്ഞെന്നാണ് പ്രതിപക്ഷ വാദം. കമ്പനിയുടെ പരസ്യത്തിൽ സംസ്ഥാന ഐ.ടി സെക്രട്ടറിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രത്യക്ഷപ്പെട്ടതിനെയും ചെന്നിത്തല ചോദ്യം ചെയ്തു.ഇതേത്തുടർന്ന് ഈ പരസ്യം കമ്പനി തന്നെ സൈറ്റിൽ നിന്ന് നീക്കി. വരും ദിവസങ്ങളിൽ ആരോപണം കൊഴുപ്പിക്കാനാണ് പ്രതിപക്ഷനീക്കം.