കോവളം: ലോക്ക് ഡൗണിനെ തുടർന്ന് മത്സ്യബന്ധനം നിറുത്തിവച്ചിരുന്ന വിഴിഞ്ഞത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം ആരംഭിച്ചു. തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് നിന്നും നിരവധി വള്ളങ്ങളാണ് ഇന്നലെ മത്സ്യബന്ധനത്തിനായി പോയത്. സാമൂഹിക അകലം പാലിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്ന ഇവിടെ മീൻ വാങ്ങാൻ ജനങ്ങൾ കൂട്ടമായെത്തിയത് അധികൃതർക്ക് തലവേദന സൃഷ്ടിച്ചിരുന്നു. തുടർന്നാണ് പൊഴിയൂർ മുതൽ പൂന്തുറ വരെയുള്ള തീരങ്ങളിൽ ലോക്ക് ഡൗൺ കഴിയുന്നതുവരെ മീൻപിടിത്തം താത്കാലികമായി നിറുത്തിവയ്ക്കാൻ മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചത്. പുലർച്ചെ രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ മീൻ വിൽക്കാൻ അനുവാദമുണ്ട്. വിഴിഞ്ഞം തുറമുഖത്ത് ഒരേ സമയം സീനിയോറിട്ടി അനുസരിച്ച് ആറ് വള്ളങ്ങൾക്ക് മീനുമായി തീരത്ത് അടുക്കാം. ഇവർ കൊണ്ടുവരുന്ന മീനുകൾ വിറ്റ ശേഷം മറ്റ് വള്ളങ്ങൾക്കും ഈ മാതൃകയിൽ കരയ്ക്കടുക്കാനുള്ള അനുമതി നൽകുമെന്നാണ് അധികൃതർ പറയുന്നത്.