old-age-people

വളരെ കുഞ്ഞുനാൾ മുതലേ പ്രായമുള്ളവരോട് എനിക്ക് വലിയ ഇഷ്ടമാണ്. ഞാനെവിടെയെങ്കിലും പോയാൽ അവിടെ പ്രായമുള്ള അപ്പൂപ്പന്മാരും അമ്മച്ചിമാരുമൊക്കെയുണ്ടെങ്കിൽ ഏറ്റവും കൂടുതൽ ഞാൻ സംസാരിക്കുക അവരോടാണ്.

പ്രായമുള്ളവരോട് നമ്മൾ സംസാരിക്കുമ്പോൾ അവർ എപ്പോഴും നമ്മളെ കുറിച്ചാണ് ചോദിക്കുകയും ചിന്തിക്കുകയുമൊക്കെ ചെയ്യുന്നത്. അവരെക്കുറിച്ച് അവർ അപൂർവമായി മാത്രമേ പറയാറുള്ളൂ. ചിലപ്പോൾ അപൂർവമായി അവരുടെ ഒാർമ്മകൾ അവരുടെ കഴിഞ്ഞകാലത്തെ നല്ല സ്മരണകളൊക്കെയായിരിക്കും നമ്മളോട് പറയുന്നത്. അതാെക്കെ നമുക്ക് വലിയ ഉൗർജ്ജം പകരുന്നപോലെ തോന്നിയിട്ടുണ്ട്. വളരെ ചുരുക്കം ചിലർ മാത്രമേ അവരുടെ കഷ്ടതകളെക്കുറിച്ചോ പ്രാരാബ്ധങ്ങളെക്കുറിച്ചോ സംസാരിക്കാറുള്ളൂ.

എന്റെ നരച്ച താടിയൊക്കെ കാണുമ്പോൾ നിങ്ങൾ വിചാരിക്കും എനിക്കും പ്രായമായെന്ന്. ഒരിക്കലും എന്റെ മനസിൽ അങ്ങനെ ഒരു ചിന്തയേ ഉണ്ടാകുന്നില്ല. പ്രായമാകുമ്പോൾ ശാരീരികമായ പ്രയാസങ്ങളുണ്ടാകുമ്പോഴാണ് നമ്മുക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരിക. നടക്കുന്നതിന് വടി വേണ്ടിവരിക, മറ്റുള്ളവരുടെ തുണ വേണ്ടിവരിക. ഞാൻ തന്മാത്രയെന്ന സിനിമയിൽ പറഞ്ഞിട്ടുണ്ട്. ഗർഭത്തിലേക്ക് തിരിച്ച് പോകുന്ന ഒരവസ്ഥ. അങ്ങനെയാണ് ആറും അറുപതും ഒരുപോലെ എന്ന പഴഞ്ചൊല്ല് പണ്ട് പറഞ്ഞിരുന്നത്.

ഇന്ന് അറുപത് വലിയൊരു പ്രായമൊന്നുമല്ലെങ്കിൽപ്പോലും നമ്മുടെ ശൈശവത്തിലേക്ക് മടങ്ങുന്ന ഒരവസ്ഥപോലെ നമുക്ക് തോന്നാറുണ്ട്. അവിടെയാണ് മക്കളുടെയും മരുമക്കളുടെയും കൂടെയുള്ള സഹജീവികളുടെയും ആശ്രയവും അവരുടെ സഹായവുമൊക്കെ ആവശ്യമായിവരുന്നത്.

ഇൗ കൊവിഡ് -19 ന്റെ കാലഘട്ടം കുഞ്ഞുങ്ങളെയും പ്രായം ചെന്നവരെയുമാണ് കൂടുതൽ ബാധിക്കുന്നത്.

അങ്ങനെയുള്ള വൃദ്ധരായ ആൾക്കാരെ സംരക്ഷിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതുതന്നെയാണ് ഏറ്റവും വലിയ ഗുരുത്വം. അതിനപ്പുറമൊരു ആരാധനയില്ല. നമ്മൾ നേരിൽ കാണുന്ന ദൈവങ്ങൾ നമ്മുടെ മാതാപിതാക്കളാണ്.

കേരള സർക്കാരിന്റെ കീഴിലുള്ള സാമൂഹ്യക്ഷേമ നീതി വകുപ്പ് പ്രായമായവരുടെ ശുചിത്വത്തിന് നൽകുന്ന മുൻഗണന ശ്ളാഘനീയമാണ്. എന്റെ അമ്മയെ ശുശ്രൂഷിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നത് ഒരപൂർവ ഭാഗ്യമായി കരുതുന്നു.

നിങ്ങളും നിങ്ങളുടെ സമീപത്തുള്ള വൃദ്ധരായ ആൾക്കാരെക്കുറിച്ചന്വേഷിക്കാനും അവരെ ശുശ്രൂഷിക്കാനും മനസ് കാണിക്കണം. അത് ഇൗ കാലഘട്ടത്തിലെ ഏറ്റവും വലിയ പുണ്യമായി കരുതണം.