തിരുവനന്തപുരം: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കൃഷിവകുപ്പ് ആവിഷ്‌കരിച്ച ' കർഷകർക്കൊരു കൈത്താങ്ങ് 'പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ' ജീവനി സഞ്ജീവനി ' കാർഷിക വിപണി കരമനയിൽ നടന്നു. ഇടുക്കി ദേവികുളത്തെ ഗുണ്ടലമുതവൻ കുടി, ഏലപ്പെട്ടി, പച്ചക്കാട് എന്നീ ഊരുകളിൽ നിന്നു ശേഖരിച്ച ശീതകാല പച്ചക്കറി വിഭവങ്ങളായിരുന്നു മേളയിലുണ്ടായിരുന്നത്. കരമന എസ്.എം.വി.ആർ.എസ് സ്‌കൂളിൽ രാവിലെ 10 മുതൽ ഒരു മണി വരെ നടന്ന വിപണിക്ക് കൃഷിവകുപ്പിനൊപ്പം നഗരസഭ, സ്വസ്‌തി ഫൗണ്ടേഷൻ, ചേംബർ ഒഫ് കൊമേഴ്സ്, ഐ.എം.എ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, അസോസിയേഷൻ ഒഫ് അഗ്രികൾച്ചറൽ ഓഫീസേഴ്സ് കേരള, നർമ്മദാ ഷോപ്പിംഗ് കോംപ്ലക്‌സ്, ബീ ഹബ് തുടങ്ങിയവരും നേതൃത്വം നൽകി. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു കച്ചവടം. മേയർ കെ. ശ്രീകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡോ. രാജേന്ദ്രലാൽ തുടങ്ങിയവർ പങ്കെടുത്തു. നാളെ വട്ടിയൂർക്കാവിലും വ്യാഴാഴ്ച കവടിയാറുള്ള നർമ്മദാ കോംപ്ലക്‌സിലും വിപണി നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഫോട്ടോ: കരമന എസ്.എം.വി.ആർ.എസ്
സ്‌കൂളിൽ നടന്ന കാർഷിക വിപണി