chala
photo

തിരുവനന്തപുരം: വിഷുത്തലേന്ന് ലോക്ക് ഡൗൺ വകവയ്ക്കാതെ ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങി. കാറുകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെയായി അവർ മാർക്കറ്റുകളിലും കടകളിലുമെത്തി. തിരുവനന്തപുരം നഗരത്തിലെ റോഡുകളിൽ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ ഇവരെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു.

അവശ്യ സാധനങ്ങൾക്കൊപ്പം വിഷുക്കണി വിഭവങ്ങൾ വാങ്ങാനും ആൾക്കാർ കൂട്ടത്തോടെ റോഡിലിറങ്ങിയതാണ് പൊല്ലാപ്പായത്. കണിവെള്ളരിയും കണിക്കൊന്നപ്പൂവും വിറ്റവർക്ക് ഇന്നലെ കൊയ്ത്തായിരുന്നു. ചോദിച്ച വിലയ്ക്ക് വാങ്ങാനും തള്ളോടു തള്ള്. ക്ഷേമ പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിലും ജനം കൂട്ടം കൂടി. സാമൂഹ്യ അകലം പാലിച്ചതൊന്നുമില്ല.

വാഹനങ്ങൾ പിടിച്ചെടുക്കുന്നതിൽ പൊലീസിനുണ്ടായ അവ്യക്തതയും പലരും മുതലെടുത്തു. ലോക്ക് ഡൗൺ ലംഘിച്ചതിന് നേരത്തേ പിടിച്ചെടുത്ത വാഹനങ്ങൾ ഇന്നലെ മുതൽ പൊലീസ് വിട്ടുനൽകിയിരുന്നു. പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസിൽ വ്യക്തത ഇല്ലാത്തതിനാൽ വാഹനങ്ങൾക്ക് പിഴ ചുമത്തുന്നതിലും പൊലീസിന് ആശയക്കുഴപ്പമുണ്ടായി. അതിനാൽ ഇന്നലെ രാവിലെ പൊലീസ് വലിയ രീതിയിൽ തടഞ്ഞില്ല. എന്നാൽ, റോഡുകളിലും കടകൾക്കു മുന്നിലും ജനക്കൂട്ടമായതോടെ പൊലീസ് ഇടപെട്ടു. സാമൂഹിക അകലം പാലിക്കണമെന്നും നടപടിയുണ്ടാകുമെന്നും പലതവണ മുന്നറിയിപ്പ് നൽകി. ഒടുവിൽ മാസ്ക് ധരിക്കാത്തവരെ കടകളിലേക്ക് കയ​റ്റാതായപ്പോൾ തിരക്ക് കുറഞ്ഞു.