തിരുവനന്തപുരം: തിരുവള്ളുവരുടെ തിരുക്കുറളും തിരുമൂല നായനാരുടെ തിരുമന്ത്രവും മാണിക്യവാചകരുടെ തിരുവാചകവുമടക്കം ഇരുപതിലധികം ബൃഹത് കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റിയ കെ.ജി.ചന്ദ്രശേഖരൻനായർ വിടപറഞ്ഞത് രണ്ടു സ്വപ്നദൗത്യങ്ങൾ പൂർത്തിയാക്കാതെ. വള്ളയാർ രാമലിംഗസ്വാമിയുടെ ഗീതങ്ങൾ, തിരുക്കുറൾ: ഉപമാനവും ഉപമേയവും എന്നീ കൃതികളുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പു വരെ ഗ്രന്ഥരചനയിൽ സജീവമായിരുന്നു.
നെയ്യാറ്റിൻകര അമരവിളയിൽ ജനിച്ച അദ്ദേഹം, നാഗർകോവിൽ സ്‌കോട്ട് കിസ്ത്യൻ കോളേജിൽ ബിരുദത്തിന് പഠിക്കുമ്പോഴാണ് തമിഴ് സാഹിത്യവുമായി അടുത്തത്. തമിഴ്നാട് സഹകരണ വകുപ്പിൽ ജോലിനോക്കിയിരുന്ന കെ.ജി.ചന്ദ്രശേഖരൻനായർ, വിരമിച്ച ശേഷമാണ് ഗ്രന്ഥരചനയിലേക്ക് തിരിഞ്ഞത്.

തിരുമുറ ഒമ്പത്, സിദ്ധർ ഗായകർ, എന്റെ ഗുരുനാഥൻ, പതിനെട്ട് കീഴ്കണക്ക് തുടങ്ങിയ കൃതികളും അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പരമോന്നത സാഹിത്യപുരസ്‌ക്കാരം നൽകി തമിഴ്നാട് സർക്കാർ കഴിഞ്ഞവർഷം അദ്ദേഹത്തെ ആദരിച്ചിരുന്നു.