തിരുവനന്തപുരം : കൊവിഡിൽ നിന്ന് മുക്തി നേടുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നു. ഇന്നലെ 19 പേരുടെ ഫലം നെഗറ്റീവായി. കാസർകോട്ട് 12 പേരുടെയും പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ മൂന്നു പേരുടെ വീതവും കണ്ണൂരിൽ ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 197 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇനി 178 പേരാണ് ആശുപത്രികളിലുള്ളത്.
അതേസമയം, ഇന്നലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ രണ്ട് പേർക്കും പാലക്കാട്ട് ഒരാൾക്കും. കണ്ണൂരിൽ സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്ട് വിദേശത്തു നിന്ന് വന്നയാളാണ്.
രോഗബാധിതരുടെ എണ്ണം കുറയുകയും മുക്തി നേടുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കാമെന്ന ധാരണ അപകടകരമാണെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രാജ്യത്ത് ലോക്ക് ഡൗൺ അവസാനിച്ചെന്ന പ്രതീതിയിൽ ചിലരെത്തി. ഇന്നലെ വടക്കൻ കേരളത്തിൽ കൂടുതൽ പേർ നിരത്തിലിറങ്ങി. ഇത് അനുവദിക്കാനാകില്ല. വൈറസിന്റെ സ്വഭാവം പ്രവചനാതീതമാണ്. അശ്രദ്ധ അപകടം ക്ഷണിച്ചുവരുത്തും. വിട്ടുവീഴ്ചയില്ലാതെ നിയന്ത്രണങ്ങൾ തുടരും.
സ്ഥിതി ഇങ്ങനെ
നിരീക്ഷണത്തിൽ: 1,12,183 പേർ
വീടുകളിൽ: 1,11,468
ആശുപത്രികളിൽ: 715
ഇന്നലെ ആശുപത്രിയിൽ: 86
പരിശോധനയ്ക്ക് അയച്ച സാമ്പിൾ: 15,683
നെഗറ്റീവ് : 14,829