cm

തിരുവനന്തപുരം: കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട വിവരശേഖരണം അമേരിക്കൻ കമ്പനി സ്പ്രിൻക്ളർ നടത്തുന്നതിനെച്ചൊല്ലി പ്രതിപക്ഷം ഉയർത്തുന്ന വിവാദത്തിന് പിന്നാലെ പോകാൻ തനിക്ക് സമയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പ്രതിപക്ഷത്തിന് അത്തരം കാര്യങ്ങളുടെ പിറകേ പോകാം. അതവർ പോകണമല്ലോ.

എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിവരശേഖരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശം പുറത്തിറങ്ങിയതിനെപ്പറ്റി ചോദിച്ചപ്പോൾ, അതൊക്കെ ആദ്യമേയുള്ള തീരുമാനമാണെന്നായിരുന്നു മറുപടി. ഇതുമായി ബന്ധപ്പെട്ട് മറ്റ് സംശയങ്ങൾക്ക് അടിസ്ഥാനമില്ല. താനേതായാലും അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്പനിയുമായുള്ള ഇടപാട് സുതാര്യമാണെന്നും സൗജന്യസേവനമാണ് അവർ നടത്തുന്നതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷം ഉയർത്തിയ പുതിയ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, സാങ്കേതികവിവരങ്ങൾ അതുമായി ബന്ധപ്പെട്ടവരോട് ചോദിക്കണമെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഐ.ടി സെക്രട്ടറിയെയാണോ ബന്ധപ്പെടേണ്ടതെന്ന ചോദ്യത്തിന് .അതേയെന്ന് മറുപടി നൽകി. ഐ.ടി സെക്രട്ടറിയെ ബന്ധപ്പെട്ടപ്പോൾ മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് പറഞ്ഞതെന്ന് വാർത്താലേഖകർ ചൂണ്ടിക്കാട്ടി,.അത് വാർത്താസമ്മേളനം വൈകിട്ട് നടക്കുന്നതിനാൽ അദ്ദേഹം അങ്ങനെ പ്രതീക്ഷിച്ചതായിരിക്കുമെന്നായിരുന്നു മറുപടി . ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരണം നൽകിക്കൊള്ളുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.

നാട്ടിൽ മദ്യാസക്തി കുറഞ്ഞെന്ന് പറയാനാവില്ലെന്നും ,വലിയ തോതിൽ കള്ളവാറ്റ് കൂടുന്നതായാണ് വിവരമെന്നും മറ്റൊരു ചോദ്യത്തിന് മറുപടി നൽകി. എക്സൈസും പൊലീസും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ,അവരുടെ കണ്ണുകൾക്കപ്പുറത്തേക്ക് കാര്യങ്ങൾ പോകുന്നുവെന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.