pinarayi-vjayan

തിരുവനന്തപുരം : ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവിതരണത്തിന് ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളിൽ രാഷ്ട്രീയ ഇടപെടലുകൾ പാടില്ലെന്ന് മുഖ്യമന്ത്രി. ഇത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഒരു കൂട്ടർ ഇതിന് തയ്യാറായാൽ മറ്റുള്ളവരും രംഗത്ത് ഇറങ്ങും. അത് തെറ്റായ രീതികൾക്ക് കാരണമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് കിച്ചണുകളുടെ ചുമതല. മറ്റുള്ളവ‌ർ ആവശ്യമായ സഹായം മാത്രം നൽകിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങൾക്ക് അഭിനന്ദനം

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ജീവനക്കാർക്കും മുഖ്യമന്ത്രിയുടെ അഭിനന്ദനം. കൊവിഡ് പ്രതിരോധരംഗത്ത് എല്ലാവരും 24 മണിക്കൂറും ആരോഗ്യവകുപ്പിനൊപ്പം രംഗത്തുണ്ട്. ഇവരെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.എസ്.ആർ പരിധിയിൽ ഉൾപ്പെടുത്തണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കമ്പനികളുടെ സി.എസ്.ആർ പരിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര കമ്പനികാര്യവകുപ്പ്

കമ്പനികളുടെ സി.എസ്.ആർ ഫണ്ടിന്റെ പരിധിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ ഒഴിവാക്കി, പ്രധാനമന്ത്രി കെയർ ഫണ്ടിനെ ഉൾപ്പെടുത്തിയതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചത്.

പാഠപുസ്തകങ്ങൾ ഓൺലൈനിൽ

കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയം പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷത്തെ പുസ്തകം, പ്രീപ്രൈമറി കുട്ടികൾക്കുള്ള പ്രവർത്തന കാർഡ്, അദ്ധ്യാപകർക്കുള്ള കൈപുസ്തകം എന്നിവയെല്ലാം എൻ.സി.ആർ.ടിയുടെ വെബ്സൈറ്റിലൂടെ ഡൗൺലോഡ് ചെയ്തെടുക്കാം. ടെക്സ്റ്റ് ബുക്കുകളുടെ അച്ചടി 75 ശതമാനം പൂർത്തിയായെന്നും ബാക്കിയുള്ളവ അച്ചടിക്കാനുള്ള അനുമതി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ക്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി അറ്റകുറ്റപണി നടത്തുന്നതിനുള്ള അനുമതിയും നൽകും.