തിരുവനന്തപുരം: ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്താനുള്ള പൊലീസിന്റെ പരിശോധന തലസ്ഥാനത്ത് ശക്തം. വിലക്കു ലംഘിച്ച 128 പേർക്കെതിരെ ഇന്നലെ കേസെടുത്തു. 92 വാഹനങ്ങൾ പിടിച്ചെടുത്തു.

രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കു ലംഘനം നടത്തിയ 110 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും അനാവശ്യയാത്ര ചെയ്ത 18 പേർക്കെതരെയുമാണ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. സിറ്റി പൊലീസിന്റെ 'റോഡ് വിജിൽ ആപ്പ്' വഴി നടത്തിയ പരശോധനയിലാണ് ഇന്നലെ അനാവശ്യയാത്രകൾ നടത്തിയ കൂടുതൽ പേരും പിടിയിലായത്.

കൂടുതൽ കേസെടുത്ത സ്‌റ്റേഷനുകൾ

വഞ്ചിയൂർ

വലിയതുറ

പൂജപ്പുര

പിടിച്ചെടുത്തത്

92 വാഹനങ്ങൾ

82 ഇരുചക്ര വാഹനങ്ങളും 7 ആട്ടോറിക്ഷകളും 3 കാറുകളും

ഡ്രോൺ നിരീക്ഷണം

നഗരത്തിലെ പ്രധാന റോഡുകളിൽ നിന്ന് മാറിയുള്ള സ്ഥലങ്ങളിലും ഇടറോഡുകളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പ് പരിസരങ്ങളിലും ഇന്നലെ പൊലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി. അനാവശ്യമായി പുറത്തിറങ്ങി നടന്നവരെ താക്കീത് നൽകി വിട്ടയച്ചു. വരും ദിവസങ്ങളിൽ റസിഡന്റ്സ് അസോസിയേഷനുകളിലടക്കം ഡ്രോൺ ഉപയോഗിച്ചുള്ള കൂടുതൽ നിരീക്ഷണങ്ങൾ തുടരും.