പുതുച്ചേരി: ലോക്ക്ഡൗൺ നിർദേശം ലംഘിച്ചതിന് പുതുച്ചേരിയിലെ കോൺഗ്രസ് എം.എൽ.എ ജോൺ കുമാറിനെതിരെ കേസെടുത്തു. ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ നിർദേശം മറികടന്നതിന് ഇദ്ദേഹത്തിനെതിരെ കേസെടുക്കുന്നത്.
തിങ്കളാഴ്ച നെല്ലിത്തോപ്പ് ഗ്രാമത്തിൽ 150ലേറെ ആളുകളെ കൂട്ടി ദുരിതാശ്വാസ സാധനങ്ങൾ വിതരണം ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. റവന്യു വിഭാഗം ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച് പരാതിനൽകിയത്. സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ മറികടന്നു, രോഗം വ്യാപിക്കുന്ന തരത്തിലുള്ള അശ്രദ്ധമായ പ്രവർത്തനം നടത്തി, പകർച്ചവ്യാധി നിയമം, ദുരന്ത നിവാരണ നിയമം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
ഇതേ കുറ്റങ്ങൾ ചുമത്തിയാണ് കഴിഞ്ഞ മാസവും കേസെടുത്തത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് ഇരുനൂറോളംപേരെക്കൂട്ടി പച്ചക്കറി സാധനങ്ങൾ വിതരണം ചെയ്തതിനായിരുന്നു ആദ്യത്തെ കേസ്.മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ വിശ്വസ്തനുമാണ് ജോൺ കുമാർ.