covid

ചെന്നൈ: കൊവിഡ് വ്യാപനത്തിന്‍റെ തോത് കുറച്ച് കേരളം പ്രതിരോധം ശക്തമാക്കുമ്പോള്‍ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ സ്ഥിതി വ്യത്യസ്തമാണ്. ഇന്നലെ 31പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 1204 ആയി. റെഡ് സോണിയുള്ള 17 ജില്ലകളില്‍ കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തിരുനെല്‍വേലി ജില്ലകള്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കോയമ്പത്തൂരിലാണ്. 126പേര്‍. തിരുപ്പൂരില്‍ 79, തിരുനെല്‍വേലി 56 തേനി 40 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മുന്നൂറിലേറെ രോഗികളുള്ളത് കേരളം കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു.

അതിര്‍ത്തിയില്‍ ഇതിനോടകം സുരക്ഷയും നീരീക്ഷണവും കേരളവും തമിഴ്നാടും ശക്തമാക്കി. വനത്തിലൂടെയും പറമ്പുകളിലൂടെയുമുള്ള ഊടുവഴികളാണ് പൊലീസിന് തലവേദനയാകുന്നത്. അതിർത്തിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചും നിരീക്ഷണം ശക്തമാക്കിയും കേരള, തമിഴ്നാട് പൊലീസ് ജാഗ്രത തുടരുകയാണ്.