ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന മലയാളികളായ നഴ്സുമാർ ഉൾപ്പെടെയുള്ളവരെ ഒറ്റപ്പെടുത്തുന്നുവെന്ന് പരാതി. കടയുടമകൾ സാധനങ്ങൾ നൽകാൻ കൂട്ടാക്കാത്തതിനൊപ്പം രോഗം സ്ഥിരീകരിച്ച നഴ്‌സിന്റെ സഹപ്രവർത്തകരോട് വീടൊഴിയാനും ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗികളുമായി ഇടപഴകുന്നവർ എന്നാരോപിച്ചാണ് സാധനങ്ങൾ നൽകാത്തത്.
രോഗം സ്ഥിരീകരിച്ച ഒരു നഴ്സിനെ താമസസ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ സമീപത്ത് താമസിക്കുന്നവർ സംഘടിച്ച് ആരോഗ്യപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും താമസക്കാരായ നഴ്‌സുമാരോട് വീടൊഴിയാൻ ആവശ്യപ്പെടുകയും ചെയ്തു.നഴ്സുമാർ താമസിക്കുന്ന വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ ശുചീകരണ തൊഴിലാളികൾ എത്തുന്നില്ലെന്നും ചിലർ പറഞ്ഞു.
അതേസമയം ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ 25ൽ ഒരാൾ ആരോഗ്യപ്രവര്‍ത്തകരാണെന്നാണ് കണക്ക്.