ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്ക. പക്ഷേ, കൊറോണ വൈറസ് എന്ന മഹാമാരിയെ തടഞ്ഞു നിറുത്താൻ ശക്തൻമാരായ അമേരിക്കയ്ക്കും കഴിയുന്നില്ല. അമേരിക്കയ്ക്ക് ഇതെന്താണ് സംഭവിക്കുന്നത്.? കൊറോണയ്ക്ക് മുന്നിൽ അമേരിക്ക എന്തുകൊണ്ടാണ് അടിപതറുന്നത്? അമേരിക്കയുടെ ഹൃദയനഗരമായ ന്യൂയോർക്കിൽ കൊറോണ ബാധിച്ച് മരിക്കുന്നവരെ ഇപ്പോൾ കൂട്ടശവക്കുഴികളിൽ സംസ്കരിക്കേണ്ടി വരികയാണ്. ശ്‌മശാനങ്ങളും മോർച്ചറികളും അത്രമേൽ നിറഞ്ഞിരിക്കുന്നു. ലോകത്തെ ഏതൊരു രാജ്യത്തെക്കാളും കൂടുതൽ കൊവിഡ് കേസുകളാണ് അമേരിക്കൻ സ്‌റ്റേറ്റായ ന്യൂയോർക്കിൽ മാത്രം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇരുപതിനായിരത്തിലേറെ പേർക്ക് ഇതിനോടകം ജീവൻ നഷ്‌ടമായി. രോഗബാധിതർ ആറ് ലക്ഷം കടന്നു. തീർന്നില്ല, കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ പോലും ഉണ്ടാകാത്ത തരത്തിൽ വൻ വിപത്ത് അമേരിക്കയെ പിടികൂടാനിരിക്കുന്നതേയുള്ളുവെന്നാണ് ഗവേഷകർ പറയുന്നത്.
എവിടെയാണ് അമേരിക്കയ്ക്ക് വീഴ്‌ച പറ്റിയത് ? മുന്നറിയിപ്പുകൾ ഏറെയുണ്ടായിരുന്നിട്ടും കൊറോണ വൈറസിനെ ലാഘവത്തോടെ കണ്ട പ്രസിഡന്റ് ട്രംപിന് നേരെയാണ് വിരലുകൾ ചൂണ്ടുന്നത്. ജനുവരി 20നാണ് യു.എസിൽ ആദ്യത്തെ കൊവിഡ് 19 കേസ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നത്. ട്രംപ് ഭരണകൂടവും റിപ്പബ്ലിക്കൻ മാദ്ധ്യമങ്ങളും കൊവിഡിനെ വിലക്കുറച്ചു കണ്ടു എന്ന് മാത്രമല്ല, കളിയാക്കുകയും ചെയ്‌തു. ഫെബ്രുവരി 27ന് ട്രംപ് പറഞ്ഞത് അമേരിക്കയിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് താത്കാലികമാണെന്നും ഉടൻ തന്നെ അപ്രത്യക്ഷമാകുമെന്നുമാണ്. എന്നാൽ മാർച്ച് പകുതി ആയപ്പോഴേക്കും ട്രംപിന് അതിന്റെ ഗൗരവും ബോധ്യപ്പെട്ടുതുടങ്ങി. കൊവിഡ് ഒരു മഹാമാരിയാണെന്ന് തനിക്ക് തോന്നിയെന്നായി ട്രംപ് ഫറഞ്ഞു. മാർച്ച് 26 ന് ട്രംപ് പറഞ്ഞത് ഇങ്ങനെയൊരു വിധിയുണ്ടാകുമെന്ന് ആരും കരുതിയില്ലെന്നാണ്. എന്നാൽ, വാക്കുകളിൽ മാത്രമായി അത് ഒതുങ്ങി. അപ്പോഴും അമേരിക്കയിലെ ഡോക്‌ടർമാർ രോഗവ്യാപനം തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചേ മതിയാകൂ എന്ന് മുറവിളിക്കുന്നുണ്ടായിരുന്നു.
എന്നാൽ, ട്രംപും അമേരിക്കൻ സ്‌റ്റേറ്റുകളും ലോക്ക്ഡൗണിനെ വകവച്ചില്ല. പല സംസ്ഥാനങ്ങളിലും ജനജീവിതം സാധാരണ ഗതിയിൽ തുടർന്നു. അധികൃതരും കരുതിയില്ല ഭാവിയിൽ ഇത്രയേറെ മനുഷ്യരുടെ ജീവൻ കൊവിഡ് കവരുമെന്ന്.
അമേരിക്കയിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നും എങ്കിൽ മാത്രമേ കൊറോണയെ തടയാനാകൂ എന്നും ബിൽഗേറ്റ്സ് ഉൾപ്പെടെയുള്ളവർ വാദിച്ചിരുന്നു. ബീച്ചുകളിലും റെസ്‌റ്റോറന്റുകളിലും ആളുകൾ വെക്കേഷൻ ആഘോഷിക്കാനെത്തി. കുറഞ്ഞത് പത്ത് ആഴ്‌ച യാതൊരു ഇളവുകളുമില്ലാതെ ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നെങ്കിൽ ഇപ്പോൾ വിലപിക്കേണ്ടി വരില്ലായിരുന്നുവെന്നാണ് പലരും പറയുന്നത്. ഇപ്പോൾ ട്രംപ് പറയുന്നത് രാജ്യം വൻ സാമ്പത്തിക നഷ്‌ടത്തിലാണെന്നും നിയന്ത്രണങ്ങൾ നീക്കി വിപണി സജീവമാക്കണമെന്നുമാണ്. എന്നാൽ, സാമ്പത്തിക നഷ്‌ടത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ പിൻവലിക്കാൻ പോകുകയാണെങ്കിൽ ഇതിലും ഭീകരമായിരിക്കും കാര്യങ്ങളെന്ന് പലരും മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
ഡിസംബറിൽ ചൈനയിൽ തലപൊക്കിയ കൊവിഡിനെ പറ്റി അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ ജനുവരി 3ന് തന്നെ ട്രംപിന് ആദ്യ റിപ്പോർട്ട് കൈമാറിയിരുന്നു. ട്രംപിന് യാതൊരു കുലുക്കവുമില്ലായിരുന്നെങ്കിലും അമേരിക്കയിലെ മറ്റ് പലരും മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ജനുവരിയിൽ തന്നെ കൊവിഡിനെതിരെ മുന്നറിയിപ്പുമായി മുൻ വൈസ് പ്രസിഡന്റും അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബെഡൻ രംഗത്തെത്തിയിരുന്നു. ഫെബ്രുവരി 29നായിരുന്നു അമേരിക്കയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തത്. മാർച്ച് 17 ആയപ്പോഴേക്കും 100 പേർ അമേരിക്കയിൽ മരിച്ചിരുന്നു. മാർച്ച് 20ന് ന്യൂയോർക്കിലെ മാത്രം 5,600 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. എന്നാൽ, ജനുവരി 3 മുതൽ മാർച്ച് 21 വരെ സമയം പാഴാക്കി എന്ന ആരോപണം ഉയർന്നിരുന്നു.
ഏതൊരു വികസിത രാജ്യത്തെക്കാളും ഇന്ന് കൊവിഡിന് മുന്നിൽ തകർന്നടിഞ്ഞിരിക്കുന്നത് അമേരിക്കയാണ്. കൊറോണ വൈറസിന് കാരണക്കാരൻ ട്രംപല്ല, എന്നാൽ മഹാമാരിയെ നേരിടാൻ രാജ്യത്തെ സജ്ജമാക്കാൻ കഴിയാതെ പോയതിന്റെ പൂർണ ഉത്തരവാദിത്വം പ്രസിഡന്റ് ട്രംപിന് തന്നെയാണ്. രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളും വെന്റിലേറ്ററുകളും നേരിടുന്ന ക്ഷാമത്തിന് ഉത്തരവാദിയും ട്രംപാണെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു. ഇന്ന് യു.എസിൽ വെന്റിലേറ്ററുകൾക്കായി സംസ്ഥാനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ലേലം വിളിക്കുന്ന അവസ്ഥയാണ്.
കൊറോണ വൈറസിന്റേത് ഒരു സാധാരണ പനിയാണെന്ന് പറഞ്ഞ് ട്രംപ് നഷ്‌ടമാക്കിയത് വിലപ്പെട്ട പത്ത് ആഴ്‌ചകളാണ്. മുൻകരുതലുകൾ അന്ന് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് അമേരിക്കയ്ക്ക് ഈ ഗതി വരുമായിരുന്നില്ലെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ. അടുത്തിടെ യു.എസ്.എസ് തിയഡോർ റൂസ്‌വെൽറ്റ് എന്ന വിമാന വാഹിനി കപ്പലിലെ നാവികർക്ക് കൊവിഡ് ബാധയേറ്റതായും സ്ഥിതി ഗുരുതരമായി തുടർന്നാൽ സൈനികരുടെ വിലപ്പെട്ട ജീവൻ നഷ്‌ടമാകുമെന്നും പറഞ്ഞ നേവി ക്യാപ്‌ടൻ ബ്രെറ്റ് ക്രോസിയറെ ട്രംപ് ഭരണകൂടം പുറത്താക്കിയിരുന്നു. തന്റെ ഓരോ പരാജയങ്ങളും മറയ്ക്കുന്നതിൽ സമർത്ഥനാണ് ട്രംപ് എന്നാണ് വിമർശകർ പറയുന്നത്. എന്നാൽ ഇന്ന് ട്രംപിന്റെ ഓരോ പരാജയങ്ങൾക്കും അമേരിക്കൻ ജനതയുടെ ജീവനാണ് വിലകൊടുത്തുകൊണ്ടിരിക്കുന്നതെന്നാണ് വിമർശനം.