covid

വാഷിംഗ്ടൺ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികളെ കമഴ്ത്തി കിടത്തിയാൽ ജീവൻ നിലനിർത്താൻ സാധിക്കുമെന്ന് അമേരിക്കൻ ആരോഗ്യപ്രവർത്തകർ. രോഗികളെ ഇങ്ങനെ കമഴ്ത്തി കിടത്തി ജീവൻ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ന്യൂയോർക്ക് സിറ്റിയിലെ നോർത്ത് വെൽഹെൽത്ത് തീവ്രപരിചരണ വിഭാഗം ഡയറക്ടർ മംഗള നരസിംഹം പറഞ്ഞു.

ഇങ്ങനെ ചെയ്യുന്നതിലൂടെ രോഗികളുടെ നിലയിൽ വലിയ പുരോഗതി കാണാനാവുന്നുണ്ടെന്നും ഓരോ രോഗിയിലും ഇതിന്റെ പ്രതിഫലനം പ്രകടമാണെന്നും അവർ പറഞ്ഞു. കമഴ്ത്തി കിടത്തുന്നത് രോഗികളുടെ ശ്വാസകോശത്തിന് കൂടുതൽ ഓക്സിജൻ ലഭിക്കാൻ സഹായകരമാകും. ഓക്സിജൻ കിട്ടുന്നതിന്റെ അളവ് 85 ശതമാനത്തിൽ നിന്ന് 98 ശതമാനമായി ഉയരുന്നു.

കമഴ്ത്തി കിടത്തുന്നതോടെ നിലച്ചിരുന്ന ശ്വാസകോശ ഭാഗങ്ങൾ പ്രവർത്തിക്കുന്നു. ചൈനയിലെ വുഹാനിലും സമാനമായ പഠനം നടന്നിട്ടുണ്ട്. കൊവിഡ് രോഗികളെ കമഴ്ത്തി കിടത്തുന്നത് ചില രോഗികളിൽ വെന്റിലേറ്റർ ഉപയോഗിക്കുന്നതിനേക്കാൾ പ്രയോജനം ചെയ്യുന്നതായി നൻജിങ്ങിലെ സൗത്ത് ഈസ്റ്റ്യു യൂണിവേഴ്സിറ്റി ഗവേഷകൻ ഹെയ്‌ബോ ക്യൂ പറയുന്നു.വെന്റിലേറ്ററുകൾ അത്യാവശ്യമില്ലാത്തതും കൂടുതൽ ഓക്സിജൻ ആവശ്യമുള്ള രോഗികളിൽ ഈ രീതി പരീക്ഷിച്ചു നോക്കുകയാണ് ഇപ്പോൾ അമേരിക്ക.