pakistan-

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സർക്കാർ ഉത്തരവ് ലംഘിച്ച് മുസ്ലിം പള്ളികളിൽ പ്രാർത്ഥനാച്ചടങ്ങുകൾ നടത്തുമെന്ന് പുരോഹിതർ. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 6,000ത്തോട് അടുക്കവെയാണ് സാമൂഹ്യ അകലം പാലിക്കണമെന്ന സർക്കാർ നിർദ്ദേശം വകവയ്ക്കാതെ ഒരു കൂട്ടം പുരോഹിതർ പ്രാർത്ഥനാ സമ്മേളനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രാർത്ഥനാച്ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുകൂടുന്നത് സർക്കാർ വിലക്കിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ നാൾ മുതൽ പള്ളികളിൽ പ്രാർത്ഥനകൾ സജീവമായിരുന്നു. മാസ്ക് പോലും ധരിക്കാതെയായിരുന്നു ഇവർ ഒത്തുകൂടിയിരുന്നത്.

പുരോഹിതൻമാർ കഴിഞ്ഞ ദിവസം കറാച്ചിയിൽ ഒത്തുചേരുകയും പള്ളികളിൽ പ്രാർത്ഥനയുമായി മുന്നോട്ട് പോകുമെന്ന് മാദ്ധ്യമങ്ങളോട് പറയുകയുമായിരുന്നു. പള്ളികൾ അടച്ചിടുന്നതും പ്രാർത്ഥന ഒഴിവാക്കുന്നതും തങ്ങൾക്ക് അംഗീകരിക്കാനാകില്ലെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു. മതപുരോഹിതരുമായി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചർച്ച നടത്താനിരിക്കെയാണ് തീരുമാനം. ആരാധനാലയങ്ങളിലെ വിലക്കിനെ പറ്റി ചർച്ച ചെയ്യാൻ തിങ്കളാഴ്ച റാവൽപിണ്ടിയിലും ഇസ്ലാമാബാദിലും അമ്പതിലേറെ പുരോഹിതൻമാർ ഒത്തുകൂടിയിരുന്നു. ഏപ്രിൽ 30 വരെ രാജ്യത്തെ ലോക്ക്ഡൗൺ നീട്ടാനാണ് പാകിസ്ഥാന്റെ തീരുമാനം. 5,988 പേർക്കാണ് പാകിസ്ഥാനിൽ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 107 പേർ മരിച്ചു.