lock-down-

തിരുവനന്തപുരം- പകർച്ചയുടെ മൂന്നാംഘട്ടത്തിലും സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണ വിധേയമാണെങ്കിലും ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച ഏഴ് ജില്ലകളിൽ നിയന്ത്രണങ്ങൾ അതേ പടി തുടർന്നേക്കും. ഒന്നും രണ്ടും മൂന്നും ഘട്ടങ്ങളിൽ രോഗബാധിതർ മരിക്കുകയും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്ത തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളെയാണ് കേരളത്തിൽ ഹോട്ട് സ്പോട്ടുകളായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. തുടർന്ന് സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും അതീവ ജാഗ്രത പുലർത്തിയ ഇവിടങ്ങളിൽ ഇപ്പോഴും ഒറ്റപ്പെട്ട കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും സമ്പർക്കപ്പട്ടിക പ്രകാരം ആളുകൾ നിരീക്ഷണത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

അപകടകരമായ സ്ഥിതിവിശേഷമില്ലെങ്കിലും ഇവിടങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ അനുവദിക്കുന്നത് ഈ സാഹചര്യത്തിൽ ആശ്വാസപ്രദമല്ലെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. നിലവിലെ കൊവിഡ് രോഗ സ്ഥിതിവിവരക്കണക്ക് പ്രകാരം കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കേരളത്തിലെ ഏഴ് ഹോട്ട് സ്പോട്ടുകളെയും നിയന്ത്രണങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ഇടയില്ല. വരുംദിവസങ്ങളിൽ രോഗ വ്യാപനം തടയുന്നതിനുള്ള നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഓരോ ദിവസവും പുറത്ത് വരുന്ന കണക്കുകൾ പ്രകാരം ചിലപ്പോൾ ചില സ്ഥലങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾക്ക് വിധേയമായേക്കാം.

തമിഴ്നാട്,​ കർണാടക അതിർത്തികളിൽ അതീവജാഗ്രത

അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തിൽ അയൽസംസ്ഥാനങ്ങളുമായി അതിർത്തി പങ്കുവയ്ക്കുന്ന ജില്ലകളിൽ തികഞ്ഞ ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പിന്റെ നിർദേശം. ഇവിടങ്ങളിൽ നിന്ന് മലയാളികളുൾപ്പെടെ സംസ്ഥാനത്തേക്ക് കടന്നുവരാനുള്ള സാഹചര്യം മുൻനിർത്തിയുള്ള കരുതൽ നടപടിയുടെ ഭാഗമാണിത്. അതിർത്തി ചെക്ക് പോസ്റ്റുകളും ജില്ലാ അതിർത്തികളും നിലവിൽ അടച്ചിട്ടിരിക്കുന്ന സാഹചര്യമാണെങ്കിലും കാൽനടയായും മറ്റ് രീതികളിലും ആളുകൾ അതി‌ർത്തികൾ കടക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ അതി‌ർത്തികളിൽ ആരോഗ്യപരിശോധന കർശനമാക്കാൻ നിർദേശിച്ചു.മതിയായ കാരണമില്ലാതെ അതിർത്തി കടന്നുള്ള യാത്രകൾ അനുവദിക്കരുതെന്നും നിർദേശിച്ചു. ചരക്ക് വാഹനങ്ങൾ ഗതാഗതം നടത്തുന്ന സാഹചര്യത്തിൽ അവയുടെ ഡ്രൈവർ,​ ക്ളീനർ എന്നിവരെ നിർബന്ധിത ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കണം.

വാഹനങ്ങൾ അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിക്കും.വനത്തിലൂടെയും തോട്ടങ്ങളിലൂടെയുമുള്ള ഊടുവഴികളിലും കർശന പരിശോധനയ്ക്ക് വനം,​ പൊലീസ് വകുപ്പുകൾക്കും നിർദേശം നൽകി .. തമിഴ്നാട്ടിൽ രോഗം തീവ്രമായ കോയമ്പത്തൂർ,​ തിരുപ്പൂർ,​ തിരുനെൽവേലി,​ തേനി ജില്ലകൾ പാലക്കാട്,​ ഇടുക്കി,​ തിരുവനന്തപുരം ജില്ലകളുമായി അതിർ‌ത്തി പങ്കിടുന്നവയാണ്.. തെങ്കാശിയിൽ രോഗ ബാധ കൂടുതലായില്ലെങ്കിലും കൊല്ലം ജില്ല അതി‌ർത്തിയായ ആര്യങ്കാവിലും ജാഗ്രതാ നിർദേശമുണ്ട്..ക‌ർണാടകയിൽ രോഗം തീവ്രമല്ലെങ്കിലും വയനാട് ,​ കാസർ കോട് ജില്ലകളിലും അതി‌ർത്തികളിൽ പരിശോധന കർശനമാണ്..