തിരുവനന്തപുരം: ശംഖുംമുഖം ബീച്ചിലെ പൊള്ളുന്ന വെയിലിൽ ആഹാരമോ വെള്ളമോ നൽകാതെ കെട്ടിയിട്ടിരുന്ന കുതിരയ്ക്ക് ഒടുവിൽ മോചനം. സ്പെഷ്യൽ ബ്രാഞ്ച് സി.ഐ പ്രശാന്തിന്റെ കണ്ണിൽപ്പെട്ടതോടെയാണ് കുതിരയുടെ ദുർഗതിക്ക് വിരാമമായത്. സി.ഐ വിവരമറിയിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു നഗരസഭയുടെ ആരോഗ്യ വിഭാഗം, ഹെൽത്ത് ഓഫീസർ, വെറ്ററിനറി ഡോക്ടർ എന്നിവർക്കൊപ്പം സംഭവസ്ഥലത്തെത്തി. കുതിരയെ പരിചരിക്കാനോ ഭക്ഷണം നൽകാനോ ആരും വരുന്നില്ലെന്നും ദിവസങ്ങളായി ഇവിടെ തന്നെ കെട്ടിയിട്ടിരിക്കുകയാണെന്നുമാണ് സമീപവാസികൾ നൽകിയ വിവരം. കുതിരയ്ക്ക് ഭക്ഷണവും വെള്ളവും നൽകിയ ശേഷം ഉടമസ്ഥന് വേണ്ടിയുള്ള അന്വേഷണം തുടങ്ങി. പ്രതിരോധ പ്രവർത്തകർക്കായുള്ള പത്ത് കിലോയോളം പഴം കുതിരയ്ക്ക് നൽകി. വിവരം ലഭിച്ചതിനെ തുട‌ർന്ന് ബീച്ച് ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ നിന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗിരിജ, അതുൽ എന്നിവർ സ്ഥലത്തെത്തി. ശംഖുംമുഖം സ്വദേശിയായ വൃദ്ധനും ഒരു അന്യസംസ്ഥാന തൊഴിലാളിയും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വലിയതുറ സ്വദേശിയാണ് കുതിരയുടെ ഉടമസ്ഥനെന്ന് കണ്ടെത്തുകയും വണ്ടി അയച്ച് അയാളെ സംഭവസ്ഥലത്ത് എത്തിക്കുകയുമായിരുന്നു. വീടിന്റെ പരിസരത്ത് കുതിരയെ കെട്ടാനുള്ള സ്ഥലമോ പരിപാലിക്കാനുള്ള വരുമാനമോ തനിക്കില്ലെന്നാണ് ഉടമസ്ഥൻ പറഞ്ഞത്. തുടർന്ന് മുട്ടത്തറ ഫാമിൽ നിന്ന് കുതിരയ്ക്ക് രണ്ട് ദിവസത്തേക്കുള്ള പുല്ലെത്തിച്ച് കൊടുത്തു. കൂടാതെ കമ്മ്യൂണിറ്റി കിച്ചണിൽ ബാക്കിവരുന്ന പച്ചക്കറികളുടെ ഭാഗം ദിവസവും എത്തിക്കാമെന്ന് ഉറപ്പും നൽകി. ഇനി ഇത്തരത്തിൽ കുതിരയെ അലക്ഷ്യമായി കെട്ടിയിട്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. കുതിരയെ വെറ്ററിനറി ഡോക്ടർ പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് ഉടമസ്ഥനൊപ്പം വിട്ടത്.