ഇൻഡോർ: ആംബുലൻസ് സൗകര്യം നിഷേധിച്ചതിനെ തുടർന്ന് സ്കൂട്ടറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബദ്വാലി ചൗക്കി സ്വദേശിയായ അറുപതുകാരനായ പാണ്ഡുവാണ് മരിച്ചത്. ശക്തമായ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് പാണ്ഡുവിനെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വേണ്ടത്ര പരിശോധന നടത്താതെ മരുന്ന് നൽകി വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. വീട്ടിലെത്തി കുറച്ചുകഴിഞ്ഞതോടെ രോഗം കടുത്തു. ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചെങ്കിലും വന്നില്ല. കൊവിഡ് ഹോട്ട്‌സ്‌പോട്ടാണ് ഇൻഡോർ. അതിനാലാണ് ആംബുലൻസ് നിഷേധിച്ചത്. വേറെ മാർഗമില്ലാതെ വന്നതോടെ ഒരു ബന്ധുവിന്റെ സ്കൂട്ടറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.
എന്നാൽ പാണ്ഡുവിന്റെ ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്നാണ് ഇൻഡോർ ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്. തിങ്കളാഴ്ച വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അടുത്തദിവസം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും അവിടെ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരിക്കുകയായിരുന്നു എന്നുമാണ് മെഡിക്കൽ ഒാഫീസർ പറയുന്നത്
കൊവിഡാണോ എന്ന സംശയത്തിൽ പാണ്ഡുവിന്റെ സാമ്പിളുകൾ പരിശോധിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.ഇയാൾക്ക് കോവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. പരിശോധനാഫലം വരുന്നതുവരെ നിരീക്ഷണത്തിൽ കഴിയാൻ ബന്ധുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.