മുംബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ അനിശ്ചിതത്വത്തിലായി. രാജ്യവ്യാപക ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ ഇനി ഈ വര്‍ഷം ഐ.പി.എല്‍ നടക്കുന്ന കാര്യം തന്നെ സംശയത്തിലായിരിക്കുകയാണ്. ടൂര്‍ണമെന്റ് തത്കാലം അനിശ്ചിതമായി നീട്ടിവയ്ക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഇതു സംബന്ധിച്ച് ഐ.പി.എല്‍ ഗവേണിംഗ് കൗൺസിൽ എല്ലാ ഫ്രാഞ്ചസികളെയും ടെലിവിഷന്‍ സംപ്രഷകരെയും ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരേ ബി.സി.സി.ഐയോ ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സിലോ ഔദ്യോഗികമായി അറിയിപ്പൊന്നും പുറത്തിറക്കിയിട്ടില്ല. മാര്‍ച്ച് 29നായിരുന്നു ഐ.പി.എല്‍ തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍, കൊവിഡ് വൈറസ്ബാധ രൂക്ഷമായതോടെ ടൂര്‍ണമെന്റ് ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടിയിരുന്ന ഏപ്രില്‍ പതിനഞ്ച് വരെ നീട്ടിവച്ചു.
ഇതിനുശേഷമാണ് ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഉണ്ടായത്.
ഏപ്രില്‍-മേയ് മാസങ്ങളില്‍ നടത്താന്‍ കഴഞ്ഞില്ലെങ്കില്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം നടത്താന്‍ ബി.സി.സി.ഐയ്ക്ക് നന്നായി ബുദ്ധിമട്ടേണ്ടിവരും. മേയ്ക്കുശേഷം തിരക്കിട്ട ക്രിക്കറ്റ് ഷെഡ്യൂളാണ് കളിക്കാരെ കാത്തിരിക്കുന്നത്.