stdts

നെടുമങ്ങാട്: കൊവിഡിനെതിരായ പോരാട്ടത്തിൽ സർഗാത്മക പ്രവർത്തനങ്ങളിലൂടെ കൈയടി നേടുകയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരും ഗവ. കോളേജിലെ വിദ്യാർത്ഥികളും. കൊവിഡ് വിരുദ്ധ ഓട്ടൻതുള്ളൽ രചിച്ച് ഈരടികൾ ഏറ്റുപാടിയാണ് ആശുപത്രി ജീവനക്കാർ ഇപ്പോൾ രോഗികളെ പരിചരിക്കുന്നത്. പൊതുജന ബോധവത്കരണാർത്ഥം ജീവനക്കാർ ഒരുക്കിയ ഓട്ടൻതുള്ളൽ പ്രചാരണ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇതിനകം വൈറലായി കഴിഞ്ഞു. കൊറോണ വൈറസിനെ തുരത്താൻ 'അകലം' എന്ന അമാനുഷി അവതാരമെടുത്ത് ജനങ്ങളെ രക്ഷിക്കുന്നതാണ് ഇതിവൃത്തം. കൊവിഡ് -19 യുദ്ധത്തിൽ ലോകത്തിന് മാതൃകയായ സംസ്ഥാന ആരോഗ്യ വകുപ്പിനും സർക്കാരിനും നന്ദിയും നന്മയും നേർന്നാണ് വീഡിയോ അവസാനിക്കുന്നത്. ഒാട്ടൻ തുള്ളലിലൂടെ ശ്രദ്ധേയരായ ജീവനക്കാരെ ഡി.കെ. മുരളി എം.എൽ.എയുടെയും നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ആശുപത്രിയിലെത്തി അനുമോദിച്ചു. ഇവർക്ക് ഉപഹാരങ്ങളും നൽകി.

അണിയറയിൽ ഇവർ

ഈരടികൾ ചിട്ടപ്പെടുത്തിയതും ആലാപനത്തിന് നേതൃത്വം നൽകുന്നതും ആശുപത്രിയിലെ പ്ലംബിംഗ് ജീവനക്കാരൻ ബാലു പുഞ്ചപ്പാടമാണ്. ആശുപത്രി സൂപ്രണ്ടിന്റെ സഹായത്തോടെ തയ്യാറാക്കിയ വീഡിയോയിൽ ഡോ. ഷിബിനയാണ് അവതാരക. ജീവനക്കാരായ ഷാജഹാൻ, അജീഷ്, അഖിൽ, അനീഷ് എന്നിവർ താളമിട്ട് പദങ്ങൾ ഏറ്റുചൊല്ലുന്നു.

ദുരിതാശ്വാസനിധി സമാഹരിച്ച് വിദ്യാർത്ഥികൾ
കരകൗശല ഉത്പന്നങ്ങളും മറ്റും തയ്യാറാക്കി അവ വിറ്റു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള പ്രവർത്തനങ്ങളിലാണ് നെടുമങ്ങാട്ടെ സർക്കാർ കലാലയം. ഒരു ലക്ഷം രൂപ സംഭാവന നൽകുകയെന്ന ലക്ഷ്യത്തോടെ കോളേജിലെ വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ കരകൗശല ഉത്പന്നങ്ങൾ, തുണിസഞ്ചി, പേപ്പർബാഗ് മുതലായവ നിർമ്മിക്കുന്ന തിരക്കിലാണ്. ലോക്ക് ഡൗണിനു ശേഷം ഇവ വീടുകൾ തോറും എത്തിച്ച് വില്പന നടത്തി സ്വരൂപിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് തീരുമാനം. പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പിനും പ്രത്യേക പരിശീലനവും മാസ്ക് നിർമ്മാണവും വീടുകളിൽ നടന്നു വരികയാണിപ്പോൾ. പരിശീലനം ലഭിച്ച 250 പെൺകുട്ടികളാണ് ഈ ഉത്പന്നങ്ങൾ ശേഖരിച്ചു വരുന്നത്. തയ്യൽ പരിചയമുള്ള ആരതി, സുമയ്യ, ആര്യ, ശിവപ്രിയ, ഫാത്തിമ, അശ്വതി, ആൽഫിയാ, കൃഷ്ണപ്രിയ, കല്യാണി, ശരത്, അജിത എന്നീ വിദ്യാർത്ഥികളാണ് ഗ്രൂപ്പ് ലീഡർമാർ.