trump

കൊവിഡ് മഹാമാരിക്കു മുന്നിൽ ലോകമൊന്നാകെ ഇപ്പോഴും പരിഭ്രാന്തരായി നിൽക്കുന്നതിനിടയിൽ ലോകാരോഗ്യ സംഘടന ഗുരുതരമായ ഒരു വിവാദത്തിലകപ്പെട്ടത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. ഡബ്ളിയു.എച്ച്.ഒയുടെ നേതൃപരമായ പങ്കും അതിന്റെ അമരക്കാരനുമാണ് വിവാദ നിഴലിലായിരിക്കുന്നത്. സംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് ഗബ്രിയേസസ് കടുത്ത ചൈനീസ് പക്ഷപാതിയാണെന്ന് ആരോപിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഘടനയ്ക്കു നൽകിവരുന്ന വാർഷിക സംഭാവന നിറുത്തലാക്കുമെന്ന കടുത്ത നടപടിയിലേക്കു നീങ്ങിയിരിക്കുകയാണ്. ലോക രാജ്യങ്ങൾ ഒന്നൊഴിയാതെ മഹാമാരിക്കെതിരെ വിശ്രമമില്ലാതെ പൊരുതിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായ നടപടി വിവേകശൂന്യവും സന്ദർഭത്തിനു നിരക്കാത്തതുമെന്നു പരക്കെ വിമർശനം ഉയർന്നിട്ടുണ്ട്. എന്തിനുമേതിലും എടുത്തുചാട്ടക്കാരനായ ട്രംപിന്റെ മറ്റൊരു എടുത്തുചാട്ടമായി ഇതിനെ കാണുന്നവരുണ്ട്. ട്രംപിന്റെ തീരുമാനം യാഥാർത്ഥ്യമായാൽ ലോകാരോഗ്യ സംഘടനയുടെ നിലനില്പിനു പോലും ഭീഷണിയാകുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. കൊവിഡ് മഹാമാരി അമേരിക്കയിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അത്യാപത്തിനു മുമ്പിൽ പരിഭ്രാന്തനായി നിൽക്കുന്ന രാഷ്ട്രത്തലവനെയാണ് ട്രംപിൽ ഇപ്പോൾ കാണാനാവുന്നതെന്ന് വിലയിരുത്തുന്നവരുണ്ട്. എന്തായാലും കൊവിഡിനെ നേരിടുന്നതിൽ അമേരിക്കയ്ക്കുണ്ടായ വൻ പരാജയത്തിന്റെ ഉത്തരവാദിത്വം വലിയ അളവിൽ ഏറ്റെടുക്കേണ്ടിവരുന്നത് പ്രസിഡന്റ് തന്നെയാണ്.

ലോകാരോഗ്യ സംഘടനയ്ക്കുള്ള യു.എസ് സഹായം നിറുത്താനുള്ള തീരുമാനമെടുക്കുന്നതിനു വളരെ മുന്നേ തന്നെ ട്രംപ് സംഘടനയ്ക്കും അതിന്റെ സെക്രട്ടറി ജനറലിനും എതിരെ കടുത്ത വിമർശനങ്ങൾ ചൊരിയുകയായിരുന്നു. മഹാമാരിയുടെ യഥാർത്ഥ വ്യാപനം മറച്ചുവച്ചുകൊണ്ട് സെക്രട്ടറി ജനറൽ ചൈനാ പക്ഷപാതിത്വം കാണിച്ചുവെന്നാണ് ട്രംപിന്റെയും റിപ്പബ്ളിക്കൻ പാർട്ടി നേതാക്കളുടെയും പ്രധാന ആരോപണം. എത്യോപ്യക്കാരനായ ലോകാരോഗ്യ സംഘടനാ സെക്രട്ടറി ജനറലിന് ചൈനയോടുള്ള ഒടുങ്ങാത്ത ആഭിമുഖ്യത്തിന് വ്യക്തമായ കാ‌രണങ്ങളുണ്ടെന്നാണ് അമേരിക്ക സംശയിക്കുന്നത്. എത്യോപ്യയിൽ വൻതോതിലുള്ള ചൈനീസ് നിക്ഷേപത്തിൽ ലോകാരോഗ്യ സംഘടനാ സെക്രട്ടറി ജനറൽ ഗബ്രിയേസസിന്റെ വ്യക്തിപരമായ സ്വാധീനവും താത്‌പര്യവും കൂടിയുണ്ടെന്നാണ് ആരോപണം.

ജനുവരിയിൽ ചൈനയിൽ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ കൊവിഡ് പടർന്നുപിടിച്ചപ്പോൾ ചൈനീസ് ഗവൺമെന്റിനൊപ്പം വിവരങ്ങൾ കഴിവതും മറച്ചുവയ്ക്കാനാണ് ഡബ്ളിയു. എച്ച്. ഒ ശ്രമിച്ചതെന്നാണ് അമേരിക്കയുടെ പരാതി. ചൈനയിൽ മഹാമാരി നിയന്ത്രണവിധേയമായിട്ടും അതിനെ നേരിടാൻ സ്വീകരിച്ച പ്രതിരോധ നടപടികൾ സംബന്ധിച്ച വിവരങ്ങളും ഗോപ്യമായി സൂക്ഷിക്കാനാണ് ചൈന താത്‌പര്യം കാട്ടിയത്. രോഗത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇപ്പോഴും പരമരഹസ്യമായി സൂക്ഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു നടന്ന സുപ്രധാന ഗവേഷണ ഫലങ്ങൾ പോലും പരസ്യമാക്കാൻ ചൈന തയാറല്ല. വിവരങ്ങൾ പുറം ലോകം അറിയാതിരിക്കാൻ ബന്ധപ്പെട്ട സൈറ്റുകളിൽ നിന്ന് അവ പാടേ മാറ്റുകയും ചെയ്തു.

മഹാമാരിയുടെ വ്യാപനം തടയുന്നതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി നേതൃപരമായ പങ്കുവഹിക്കേണ്ട ലോകാരോഗ്യ സംഘടന തങ്ങളുടെ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന അമേരിക്കൻ ആരോപണത്തിൽ വലിയ കഴമ്പില്ലെന്നും കരുതുന്നവരുണ്ട്. കാരണം വരാൻ പോകുന്ന അത്യാപത്തിനെക്കുറിച്ച് അമേരിക്കയിലെ വിദഗ്ദ്ധർ തന്നെ ഭരണകൂടത്തിനു മുന്നറിയിപ്പു നൽകിയിരുന്നതാണ്. എന്നാൽ വേണ്ട പ്രതിരോധ നടപടികൾ സ്വീകരിക്കാതെ ഇതുപോലെ എത്ര ആപത്തുകളെ തങ്ങൾ കണ്ടിരിക്കുന്നു എന്ന ഭാവത്തിൽ മുന്നറിയിപ്പുകൾ പുച്ഛിച്ചുതള്ളാനാണ് ട്രംപും കൂട്ടരും ആദ്യം ശ്രമിച്ചത്. അതിന്റെ ഫലമാണ് അമേരിക്ക ഇപ്പോൾ അനുഭവിക്കുന്നത്. ഞായറാഴ്ചത്തെ കണക്കനുസരിച്ച് ഇരുപത്താറായിരത്തിൽപ്പരം പേരാണ് അമേരിക്കയിൽ കൊവിഡിനിരയായത്. രോഗികൾ ആറുലക്ഷത്തോടടുക്കുന്നു. ന്യൂയോർക്ക് നഗരം കൊവിഡിന്റെ ലോക തലസ്ഥാനമായി മാറിക്കഴിഞ്ഞു. അമേരിക്കയിലെ അൻപതു സംസ്ഥാനങ്ങളും കൊവിഡിന്റെ പിടിയിലായിക്കഴിഞ്ഞു. ട്രംപിന്റെ വലം കൈയായി നിന്ന് ആരോഗ്യവകുപ്പിനെ നയിച്ചുകൊണ്ടിരുന്ന അന്തോണി ഫൗസിയെ പുറത്താക്കാനുള്ള ഒരുക്കത്തിലാണ് പ്രസിഡന്റ്. മഹാമാരിയെ നേരിടുന്നതിൽ ഫൗസി വൻ പരാജയമാണെന്ന് ട്രംപ് വിധിയെഴുതിക്കഴിഞ്ഞു. യുദ്ധമുന്നണിയിൽ പരാജയം ഏറ്റുവാങ്ങുന്ന ആത്മവിശ്വാസമില്ലാത്ത പടത്തലവന്റെ സ്വരമാണ് ട്രംപിൽ നിന്നുണ്ടാകുന്നതെന്ന് വിമർശകർ ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു.

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നു പറഞ്ഞതുപോലെ മഹാമാരി നേരിടുന്നതിൽ സംഭവിച്ച വലിയ പരാജ യത്തിന് ലോകാരോഗ്യ സംഘടനയ്ക്കുള്ള വാർഷിക വിഹിതം നിറുത്തലാക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ അനുകൂലിക്കാൻ ലോകം തയ്യാറാകുമെന്നു തോന്നുന്നില്ല. സംഘടനയുടെ പ്രവർത്തനം നൂറു ശതമാനവും സുതാര്യമായ നിലയിൽത്തന്നെ വേണമെന്നതിൽ പക്ഷാന്തരമില്ലെങ്കിലും തങ്ങളുടെ വീഴ്ചയ്ക്ക് സംഘടനയ്ക്കുള്ള ഫണ്ട് നിഷേധിച്ച് അതിന്റെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നത് ലോകത്തെ മറ്റ് രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും. ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ലോകം മഹാമാരിക്കെതിരെ അക്ഷീണം പോരാടിക്കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിൽ ഏതെങ്കിലുമൊരു ലോകസംഘടനയ്ക്കുള്ള ഫണ്ടിംഗ് നിറുത്തലാക്കുന്ന നടപടി ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൊവിഡ് ഉയർത്തിയ മഹാഭീഷണി അമേരിക്കയെയും ട്രംപിനെയും എത്രമാത്രം പരിഭ്രാന്തിയിലാക്കുന്നുവെന്നത് വസ്തുതയാണ്. സമചിത്തത വെടിയാതെ രോഗഭീഷണി നേരിടുക മാത്രമാണ് മുുന്നിലുള്ള വഴി. കൊവിഡിനു മുന്നിൽ തങ്ങൾ എത്ര നിസാരന്മാരാണെന്ന് ലോകം മനസിലാക്കുന്ന നാളുകളാണിത്.

.............................................................................................................................................................................

ജനുവരിയിൽ ചൈനയിൽ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ കൊവിഡ് പടർന്നുപിടിച്ചപ്പോൾ ചൈനീസ് ഗവൺമെന്റിനൊപ്പം വിവരങ്ങൾ കഴിവതും മറച്ചുവയ്ക്കാനാണ് ഡബ്ളിയു. എച്ച്. ഒ ശ്രമിച്ചതെന്നാണ് അമേരിക്കയുടെ പരാതി. പ്രതിരോധ നടപടികൾ സംബന്ധിച്ച വിവരങ്ങളും ഗോപ്യമായി സൂക്ഷിക്കാനാണ് ചൈന താത്‌പര്യം കാട്ടിയത്.