cash

പാരീസ്: കൊവിഡിൻെറ പശ്ചാത്തലത്തിൽ ജീവനക്കാരെ പിരിച്ചുവിടുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന രീതി പൊതുവേ സ്വീരിച്ചുവരുമ്പോൾ ഇതാ ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിച്ച് ഒരു കമ്പനി വ്യത്യസ്തമാവുകയാണ്. നാൽപ്പ് രാജ്യങ്ങളിലായി ബ്രാഞ്ചുകളുള്ളതും പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ഫ്രഞ്ച് ഐ.ടി കമ്പനിയായ ക്യാപജെമിനൈയാണ് പ്രതിസന്ധി കാലത്ത് ജീവനക്കാർക്കൊപ്പം നിൽക്കുന്നത്. അത് മറ്റ് കമ്പനികളെ അതിശയിപ്പിക്കുകയും ഞെട്ടിപ്പിക്കുകയുമാണ്.

രണ്ട് ലക്ഷത്തിലധികം ജീവനക്കാരിൽ 1.2 ലക്ഷം ജീവനക്കാർ ഇന്ത്യയിലെ ബ്രാഞ്ചിലാണ്. ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ശമ്പളം വർദ്ധിപ്പിച്ചത്.

ക്യാപജെമിനൈയുടെ എഴുപത് ശതമാനം ജീവനക്കാർക്കാണ് ശമ്പള വർദ്ധനവ്. ശേഷിക്കുന്ന ജീവനക്കാർക്ക് ജൂലായ് മുതൽ ഇൻക്രിമെന്റ് നൽകുമെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയിൽ നിലവിൽ പ്രൊജക്ടുകളിൽ ഇല്ലാതെയുള്ളവർക്കും ശമ്പളം മുടങ്ങില്ലെന്നും ഉറപ്പുനൽകി. താമസ സൗകര്യങ്ങൾക്ക് ബുദ്ധിമുട്ടുന്ന ജീവനക്കാർക്ക് പതിനായിരം രൂപ വരെ അലവൻസ് നൽകുന്നുണ്ട്. മാർച്ച് മാസം മദ്ധ്യത്തിൽ നടന്ന കമ്പനി മീറ്റിംഗിലാണ് തീരുമാനമെടുത്തത്.

വീടുകളിൽ നിന്ന് ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഷിഫ്റ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്യാപജെമിനെയുടെ ഇന്ത്യയിലെ സി.ഇ.ഒ ആയ അശ്വിൻ യാർഡി വിശദമാക്കുന്നത്. പ്രൊമോഷനുകളിലും ലോക്ക് ഡൗൺ പ്രതിഫലിക്കില്ലെന്നും വേതനം വെട്ടിക്കുറയ്ക്കാനുള്ള ഒരു തീരുമാനവും കമ്പനിക്കെല്ലെന്നും അശ്വിൻ വ്യക്തമാക്കി.

ബുദ്ധിമുട്ടുള്ള സമയത്ത് ജീവനക്കാർക്കൊപ്പം ഉറച്ചുനിൽക്കുകയെന്നതാണ് കമ്പനിയുടെ നിലപാട്. അത് പ്രാവർത്തികമാക്കുകയാണ് താൻ ചെയ്തതെന്ന് അശ്വിൻ കൂട്ടിച്ചേർത്തു. ജീവനക്കാരുടെ വിശ്വാസം കമ്പനിയുടെ പ്രവർത്തനത്തിന് അത്യാവശ്യമാണെന്നും അശ്വിൻ പറയുന്നു. ഇതിന് പുറമേ ജീവനക്കാരുടെ ആരോഗ്യ എമർജൻസി സാഹചര്യങ്ങൾ നേരിടാൻ 200 കോടിയുടെ ക്ഷേമനിധിയും ക്യാപജെമിനൈ സജ്ജമാക്കി.