oman-

ഒമാൻ: കൊവിഡ് ബാധിതരിലധികവും വിദേശികളാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോക്ടർ മുഹമ്മദ് ബിൻ സൈദ് അൽ ഹോസിനി അറിയിച്ചു. പ്രവാസികൾ ഉൾപ്പെടെ 15,000ത്തിലധികം പേർക്ക് കൊവിഡ് പരിശോധന നടത്തിയതായി ഒമാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

മത്രാ വിലായത്തിലെ ആറു കേന്ദ്രങ്ങളിലായിട്ടാണ് പരിശോധനകൾ പുരോഗമിക്കുന്നത്. വൈറസ് പരിശോധന കേന്ദ്രങ്ങളിൽ പനി, ചുമ, ജലദോഷം, തൊണ്ട വേദന ,ശ്വസിക്കുവാനുള്ള ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങൾ ഉള്ളവർ മാത്രം എത്തിയാൽ മതിയെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മസ്‌കറ്റ് ഗവർണറേറ്റിൽ സ്വദേശികളെക്കാളും വിദേശികൾക്കാണ് കൊവിഡ് കൂടുതലായും സ്ഥിരീകരിച്ചിട്ടുള്ളതെന്നും ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസിനി പറഞ്ഞു.

ഒമാനിൽ ഇന്ന് 97 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 910 ലെത്തിയെന്നും ഇതിൽ 130 പേർ രോഗ വിമുക്തരായതായും ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.