denmark

കോപ്പൻഹേഗൻ: യൂറോപ്പിൽ കൊവിഡ് പശ്ചാത്തലത്തിൽ അടച്ച സ്‌കൂളുകൾ വീണ്ടും തുറക്കുന്ന ആദ്യ രാജ്യമായി ഡെൻമാർക്ക്. ഒരു മാസത്തിലേറെയായി രാജ്യത്തെ സ്‌കൂളുകൾ അടഞ്ഞുകിടക്കുകയായിരുന്നു. ഡെൻമാർക്കിലെ നഴ്‌സറി, കിന്റർഗാർട്ടൻ, പ്രൈമറി സ്‌കൂൾ എന്നിവയാണ് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 12ന് പൂട്ടിയ ശേഷം ഇന്ന് വീണ്ടും തുറന്നത്.

ഡെൻമാർക്കിലെ ആകെ മുൻസിപ്പാലിറ്റികളിൽ പകുതിയോളമെണ്ണത്തിൽ മാത്രമേ ക്ലാസുകൾ വീണ്ടും തുടങ്ങിയിട്ടുള്ളു. കോപ്പൻഹേഗനിൽ 35 ശതമാനം സ്കൂളുകൾ മാത്രമാണ് പ്രവർത്തനം തുടങ്ങിയത്. ബാക്കിയുള്ളവ സുരക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി ഈ മാസം 20 ഓടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് സ്‌കൂളുകൾ വീണ്ടും തുറന്നിരിക്കുന്നത്.

ക്ലാസ്റൂമിലെ ഡെസ്‌കുകൾ തമ്മിൽ കുറഞ്ഞത് രണ്ട് മീറ്റർ ( ആറടി ) ദൂരം ഉറപ്പാക്കണം. രണ്ട് മീറ്റർ അകലത്തിൽ വേണം കുട്ടികളെ ടേബിളുകളിലിരുത്താൻ. ആഹാരം പങ്കുവയ്ക്കാൻ അനുവദിക്കരുത്. രണ്ട് മണിക്കൂർ കൂടുമ്പോൾ കുട്ടികളെ കൈകൾ കഴുകാൻ അധികൃതർ സഹായിക്കണം. സ്‌റ്റാഫ് മീറ്റിംഗുകൾ ഫോൺ അല്ലെങ്കിൽ വീഡിയോകോൾ വഴി മതി. ഇടവേളകളിൽ ചെറു ഗ്രൂപ്പുകളായി മാത്രമേ കുട്ടികളെ പുറത്തിറക്കാവൂ... തുടങ്ങിയ നിബന്ധനകളുണ്ട്.

ചില സ്‌കൂളുകളിൽ ഔട്ട്ഡോർ ക്ലാസുകൾ സജ്ജമാക്കിയിട്ടുമുണ്ട്. അതേ സമയം, പനിയോ കൊവിഡ് ലക്ഷണങ്ങളോ ഉള്ളവർക്കൊപ്പം കഴിയുന്ന കുട്ടികൾ ക്ലാസുകളിൽ എത്തരുതെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കുന്നതിനെതിരെ ഒരു വിഭാഗം മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. സ്‌കൂൾ തുറന്നെങ്കിലും നിരവധി കുട്ടികൾ വീട്ടിൽ തന്നെ തുടരുമെന്നാണ് കരുതുന്നത്.

മിഡിൽ, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകളും മറ്റും നിലവിലുണ്ട്. മേയ് 10 ഓടെ ഇവരുടെ ക്സാസുകളും പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6,681 പേർക്കാണ് ഡെൻമാർക്കിൽ ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 299 പേർ മരിച്ചു. രാജ്യത്ത് 10 കൂടുതൽ പേർ ഒത്തുചേരുന്നത് നിരോധിച്ചിരിക്കുകയാണ്. ബാർ, റെസ്‌റ്റോറന്റ്, ഷോപ്പിംഗ് മാൾ, ക്ലബ് തുടങ്ങിയവ അടഞ്ഞുകിടക്കുകയാണ്.