കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പോക്സോ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തലശ്ശേരി ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ 11 പേർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക. പാലത്തായിയിലെ സ്കൂളിൽ അദ്ധ്യാപകനായ ബി.ജെ.പി നേതാവ് വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണു പരാതി. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ബി.ജെ.പി നേതാവ് കൂടിയായ അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി നിരാഹാര സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായി. തൃപ്രങ്ങോട്ടൂര്‍ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായ കുനിയില്‍ പത്മരാജനാണ് പ്രതി. പാലത്തായി യു.പി സ്കൂള്‍ അദ്ധ്യാപകനായിരുന്ന പത്മരാജന്‍ ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ഒളിവില്‍പ്പോയ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുള്ളതുകൊണ്ട് സംസ്ഥാനത്തിന് പുറത്ത് അന്വേഷണം നടത്തുന്നതിന് തടസമുണ്ടെന്നാണ് പൊലീസ് വിശദീകരണം.