കാട്ടാക്കട:ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ കാട്ടാക്കട താലൂക്കിൽ വ്യാപക പരിശോധന നടത്തി. അവശ്യസാധന കേന്ദ്രങ്ങൾ, മത്സ്യ, മാംസ വില്പന കേന്ദ്രങ്ങൾ ഉൾപ്പെടെയായിരുന്നു പരിശോധന. ഡെപ്യൂട്ടി തഹസിൽദാർ പ്രഭകുമാറിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ ഓഫീസർ രമ്യ ഫെൽസൻ, താലൂക്ക് സീനിയർ ക്ലാർക്ക് റാൺ വിജയ്, പൊലീസ് ഉദ്യോഗസ്ഥനായ ഷൈൻ ശശിധരൻ. എന്നിവരാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ടീം തിരിഞ്ഞുള്ള പരിശോധന ഊർജിതമായിരുന്നു. നിരവധി സ്ഥാപനങ്ങളിൽ നിന്ന് തീയതി കഴിഞ്ഞ ഉത്പന്നങ്ങൾ കണ്ടെത്തി നശിപ്പിച്ചു. ചിലയിടങ്ങളിൽ പരമാവധി വില തിരുത്തിയതായി കണ്ടെത്തി. മത്സ്യ മാർക്കറ്റിലും ചെറുകിട മത്സ്യ വില്പനക്കാരിലും നടത്തിയ പരിശോധനയിൽ കേടായവ കണ്ടെത്താനായില്ല. സംസ്ഥാനത്തു വിവിധ ഭാഗങ്ങളിൽ കണ്ടെയ്നറുകളിൽ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു. ഇതിനാൽ മത്സ്യ വരവ് കുറഞ്ഞിരുന്നു. ഇപ്പോൾ സമീപ തുറകളിൽ നിന്നാണ് മത്സ്യം വരുന്നത്.

ഒരിക്കൽ ക്രമക്കേടുകൾ കണ്ടെത്തി നടപടിക്ക് വിധേയമായവർ കുറ്റം ആവർത്തിച്ചാൽ കടുത്ത നടപടിയെടുക്കുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.