തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ക്വാറന്റൈനിൽ കഴിയുന്നവരുടെ ആരോഗ്യവിവരങ്ങൾ ശേഖരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ സ്‌പ്രിൻക്ളർ കമ്പനി 87 ലക്ഷം ആളുകളുടെ റേഷൻ കാർഡ് വിവരങ്ങൾ ചോർത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കമ്പനി ഇ - മെയിൽ വഴി നൽകിയ രേഖകളാണ് സർക്കാർ വെബ്സൈറ്റിലൂടെ ഇന്നലെ പുറത്തു വിട്ടത്. വിവരങ്ങൾ സ്‌പ്രിൻക്ളറുടെ സെർവറിൽ നിന്ന് സർക്കാരിന്റെ ഡൊമെയിനിലേക്ക് മാറ്റിയതായി പറയുന്നുണ്ടെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇനി ഉത്തരവിറങ്ങിയാലും വിവരങ്ങൾ എത്തുക കമ്പനിയുടെ സെർവറിലേക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്‌പ്രിൻക്ളറുമായുണ്ടാക്കിയത് തട്ടിക്കൂട്ട് കരാറാണ്. അന്താരാഷ്‌ട്ര കമ്പനിയുമായി കരാറിലേർപ്പെടുമ്പോൾ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്.
ഇക്കാര്യത്തിൽ ചർച്ച നടത്താൻ മുഖ്യമന്ത്രി ഐ.ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ. കമ്പനിയുമായി ചർച്ച നടത്തിയോയെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തണം.വ്യക്തിവിവരങ്ങൾ അന്താരാഷ്ട്ര കമ്പനിക്ക് കൈമാറാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. ഇതിന് മന്ത്രിസഭയുടെയും കേന്ദ്രത്തിന്റെയും അംഗീകാരം വേണം. കരാർ ഒപ്പിടുമ്പോൾ നിയമ, ആരോഗ്യ വകുപ്പുകൾ അറിയണം. ഐ.ടി വകുപ്പിന് മാത്രമാണ് കരാറിനെ കുറിച്ച് അറിയാവുന്നത്. പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോൾ ഐ.ടി സെക്രട്ടറിയുടെ വീഡിയോ സ്‌പ്രിൻക്ളറിന്റെ പരസ്യത്തിൽ നിന്നുനീക്കി.
നല്ല ഉദ്ദേശ്യത്തോടെയാണ് ചെയ്തതെങ്കിൽ പരസ്യം നീക്കിയതെന്തിനാണ്. കരാർ സംബന്ധിച്ച ഫയൽ പരിശോധിക്കാൻ അനുവദിക്കണമെന്ന് താൻ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ന്യൂയോർക്കിൽ സ്‌പ്രിൻക്ളറിനെതിരെ ഡാറ്റ തട്ടിപ്പിന് 350 കോടിയുടെ കേസ് രണ്ട് വർഷമായി നടക്കുകയാണ്. അങ്ങനെയുള്ള കമ്പനിയെ ചുമതല ഏൽപിച്ചത് എന്തടിസ്ഥാനത്തിലാണ്. സ്‌പ്രിൻക്ലറുടെ സേവനം സൗജന്യമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ, കൊവിഡ് കഴിഞ്ഞാൽ ഫീസ് എത്രയെന്ന് തീരുമാനിക്കുമെന്ന് കരാറിലുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.