saudi

ജിദ്ദ: കൊവിഡ് കാലയളവിലെടുത്ത ഉപയോഗിക്കാത്ത വിസകളുടെ കാലാവധി നിയന്ത്രണ കാലം ഒഴിവാക്കി പുതുക്കി നിശ്ചയിക്കാനും ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തിയവരുടെ കാലാവധി നീട്ടിനൽകാനും സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വിസ എടുത്ത ശേഷം ഉപയോഗിക്കാത്തവരും വിമാന സർവീസ് നിർത്തിവച്ചതിനാൽ രാജ്യത്ത് കഴിയുന്നവരുമായ എല്ലാ ടൂറിസ്റ്റുകളും ഈ തീരുമാനത്തിെന്റ പരിധിയിൽ വരും. വിസയുടെ അനുബന്ധമായി എടുത്ത ഇൻഷ്വറൻസിൻെറ കാലാവധിയ്ക്കും ഇതേ പരിഗണന ലഭിക്കും.

രാജ്യത്തുള്ള പൗരന്മാരും പ്രവാസികളും സ്വന്തം ആരോഗ്യ സുരക്ഷയിൽ ജാഗ്രത പാലിക്കുന്നതിനും രോഗപകർച്ച തടയുന്നതിനും ഗവൺമെൻറിന്റ നിർദേശങ്ങൾ ഗൗരവമായി കാണണമെന്നും നിർബന്ധമായും പാലിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. യമനിൽ സംഖ്യസേന പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ സമ്പൂർണ വെടിനിർത്തലടക്കം പ്രദേശിക അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മന്തിസഭ അവലോകനം ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവരുമായി നടത്തിയ ടെലിഫോൺ കാളുകളിൽ ആഗോള സമ്പദ് വസ്ഥയുടെ വളർച്ചയെ സഹായിക്കുന്നതിനും എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനും ഉദ്പാദന രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിെന്റ പ്രധാന്യത്തെയും കുറിച്ചും നടത്തിയ പരാമർശങ്ങൾ യോഗത്തിൽ സൽമാൻ രാജാവ് വിശദീകരിച്ചു.