ന്യൂയോർക്ക് : 72 വർഷങ്ങൾക്കു മുമ്പ് പ്രവർത്തനം ആരംഭിച്ച നാൾ മുതൽ ഇന്നുവരെ ലോകാരോഗ്യ സംഘടന ( വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ - ഡബ്ല്യൂ.എച്ച്.ഒ ) നിരവധി പ്രവർത്തനങ്ങൾക്ക് പ്രശംസ ഏറ്റുവാങ്ങിയതാണ്. ലോകത്തെ വിറപ്പിച്ച ഭീകരരോഗമായ വസൂരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കിയത് മുതൽ നിരവധി പകർച്ചവ്യാധികളെ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞത് വരെ ഇതിൽപ്പെടുന്നു. എന്നാൽ ഇന്ന് ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേരെ നിരവധി ആരോപണങ്ങളും വിമർശനങ്ങളും ഉയരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളിൽ ചൈന ഇടപെടുന്നുവെന്ന ആരോപണമാണ് ഇതിൽ ഏറ്റവും മുഖ്യം. ഇത് ഉന്നയിക്കുന്നതാകട്ടെ അമേരിക്കൻ പ്രസിഡന്റും.
ഡിസംബർ 30ന് ചൈനീസ് ഡോക്ടറായ ലീ വെൻലിയാംഗ് 2003ൽ പൊട്ടിപ്പുറപ്പെട്ട സാർസിന് ( SARS - സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ) സമാനമായ ഒരു വൈറസ് ചൈനയിൽ ഉടലെടുത്തതായി മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുജനാരോഗ്യ പ്രവർത്തകർ ഈ മാരക വൈറസിന്റെ വ്യാപനം തടയണമെന്ന ലീ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ മുന്നറിയിപ്പ് ആശങ്കയോടെ ഉൾക്കൊണ്ടിരുന്നു. എന്നാൽ ചൈനീസ് ഭരണകൂടം ലീയുടെ വാക്കുകൾ കേട്ടില്ലെന്ന് മാത്രമല്ല ലീയ്ക്കെതിരെ നിയമനടപടികൾ സ്വീകരിയ്ക്കുകയും ചെയ്തു. ലീ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് ചൈനീസ് സർക്കാർ പറഞ്ഞത്. വൈറസ് വ്യാപനത്തെ പറ്റി മുന്നറിയിപ്പ് നൽകിയവരെ അറസ്റ്റ് ചെയ്ത ചൈനീസ് ഭരണകൂടം സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഭയപ്പെടുത്തുകയും ചെയ്തു.
എന്നാൽ സത്യം എത്രനാൾ മറച്ചു വയ്ക്കും. ജനുവരി പകുതി ആയപ്പോഴേക്കും മനുഷ്യർക്കിടയിൽ കൊവിഡ് - 19 പടരുന്നതായി ചൈനീസ് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ജനുവരി 14ന് ലോകാരോഗ്യ സംഘടന അറിയിച്ചത് പുതുതായി കണ്ടെത്തിയിരിക്കുന്ന കൊറോണ വൈറസ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരും എന്നതിന് തെളിവില്ലെന്നാണ്. രണ്ടാഴ്ചകൾക്ക് ശേഷം ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഡനോം ഗെബ്രിയെസൂസ് ബീജിംഗിൽ വച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗെബ്രിയെസൂസ്, ചൈനീസ് ഭരണകൂടം വൈറസിനെ പറ്റിയുള്ള വിവരങ്ങൾ കൈമാറിയതിന് അവരെ അഭിനന്ദിക്കുകയും വൈറസിനെ നേരിടാൻ ചൈനയ്ക്ക് കഴിയുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ വളരെ നേരത്തെ തന്നെ വൈറസിനെ പറ്റി മുന്നറിയിപ്പ് നൽകിയ ഡോക്ടർ ലീ ഈ സമയം ആശുപത്രിയിൽ കൊവിഡിനോട് മല്ലിടുകയായിരുന്നു. കൊവിഡ് ബാധിച്ച ലീ ഒട്ടും വൈകാതെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ജനുവരി 23ന് കൊവിഡ് 19നെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണോയെന്ന ചർച്ചകൾ ലോകാരോഗ്യ സംഘടനയുടെ എമർജൻസി കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുമ്പോഴും പല അന്താരാഷ്ട്ര നിരീക്ഷകരും രോഗത്തെ പറ്റി ചൈന പുറത്തുവിട്ടിരിക്കുന്ന കണക്കുകളിൽ ശക്തമായ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ മറ്റു കമ്മിറ്റി അംഗങ്ങളുടെ എതിർപ്പിനെ അവഗണിച്ച് ചൈന നൽകിയ വിവരങ്ങളെ ആശ്രയിച്ച് ജനുവരി 30ന് ഗെബ്രിയെസൂസ് കൊവിഡ് 19ന്റെ വ്യാപനം കണക്കിലെടുത്ത് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ തീരുമാനം ലോകമൊട്ടാകെയുള്ള പോതുജനാരോഗ്യ വിഭവങ്ങളെ ഏകോപിപ്പിക്കാൻ കാലത്താമസം വരുത്തിയെന്ന് ആരോപണമുയർന്നിരുന്നു. വളരെ മോശം റിപ്പോർട്ടാണ് ചൈന സമർപ്പിച്ചതെന്നാണ് എമർജൻസി കമ്മിറ്റി അംഗമായ ജോൺ മെക്കൻസി അന്ന് പറഞ്ഞത്..
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷവും ഗെബ്രിയെസൂസ് ചൈനയെ പലതവണ പ്രശംസിച്ചിരുന്നു. ചൈനയുടെ നടപടി കൊറോണ വൈറസിന്റെ വ്യാപനം തടയുന്നുവെന്നായിരുന്നു ഗെബ്രിയെസൂസിന്റെ ഭാഷ്യം. ജനുവരി 31ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയിൽ നിന്നും യു.എസിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയപ്പോൾ ഈ നടപടി ആളുകളിൽ ഭയം ഉളവാക്കുക മാത്രമായിരിക്കും ചെയ്യുകയെന്ന് ഗെബ്രിയെസൂസ് വിമർശിക്കുകയും ചെയ്തിരുന്നു.
പലരും ചൈന പുറത്തുവിട്ട ഔദ്യോഗിക വൈറസ് കണക്കുകളിൽ സംശയം പ്രകടിപ്പിച്ചപ്പോഴും ലോകാരോഗ്യ സംഘടന ചൈനയ്‌ക്കൊപ്പം നിന്നതായും ആഭ്യന്തര തലത്തിൽ ചൈന രോഗവ്യാപനം മന്ദഗതിയിൽ തടഞ്ഞത് രോഗികളുടെ എണ്ണം കൂടാനിടയായെന്നുംആരോപണങ്ങൾ ഉയർന്നിരുന്നു.
നേരത്തെ തന്നെ ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം ചേർന്ന് പ്രവർത്തിക്കുന്നതായി ട്രംപ് ആരോപിച്ചിരുന്നു. അന്ന് തന്നെ സാമ്പത്തിക സഹായം നിറുത്തുന്നത് സംബന്ധിച്ച സൂചനകളും നൽകിയിരുന്നു. കൊവിഡിന്റെ തീവ്രത ലോകാരോഗ്യ സംഘടന മറച്ചുവച്ചെന്നും ചൈനയ്ക്കനുകൂല നിലപാട് സ്വീകരിച്ചെന്നും ട്രംപ് ആരോപിക്കുന്നു. ഇപ്പോൾ ലോകാരോഗ്യ സംഘടനയ്ക്ക് നൽകിവന്ന അമേരിക്കൻ സാമ്പത്തിക സഹായം ട്രംപ് നിറുത്തലാക്കിയിരിക്കുകയാണ്.
ചൈനയ്ക്ക് സംഭവിച്ച വീഴ്ച ചൂണ്ടിക്കാണിക്കാൻ ലോകരോഗ്യ സംഘടന തയാറായില്ലെന്നും ഗെബ്രിയെസൂസിന് ചൈനയുമായി അടുത്ത ബന്ധമാണുള്ളതെന്നും കൊവിഡിന്റെ കാര്യത്തിൽ ചൈനയെ പിന്തുണച്ച് നിലപാട് സ്വീകരിക്കുന്നതിൽ ദുരൂഹയുണ്ടെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.